എൽ ക്ലാസിക്കോയിലെ തകർപ്പൻ വിജയത്തിന് ശേഷം റയൽ മാഡ്രിഡ് വീണ്ടും കളത്തിലേക്ക്. ലാ ലീഗയിൽ അടുത്ത മത്സരത്തിൽ എൽഷെയാണ് എതിരാളികൾ. ബാഴ്‌സയെ തോല്പിച്ചതോടെ ലീഗ് തലപ്പത്ത് മൂന്ന് പോയിന്റ് ലീഡുമായി സ്ഥാനമുറപ്പിക്കാനായ മാഡ്രിഡിന് തുടർന്നുള്ള മത്സരങ്ങളിലും ഫോം ആവർത്തിക്കാൻ തന്നെയാണ് ലക്ഷ്യം. വിയ്യാറയൽ, അത്ലറ്റിക് ക്ലബ്ബ്, വലൻസിയ തുടങ്ങിയ കരുത്തരെയാണ് രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സക്ക് ഇനി നേരിടാൻ ഉള്ളത് എന്നതിനാൽ ഒന്നാം സ്ഥാനത്ത് ലീഡ് വർധിപ്പിക്കുന്നത് തന്നെയാവും റയൽ സ്വപ്നം കാണുന്നത്.
മികച്ച ഫോമിലാണ് ആൻസലോട്ടിയും സംഘവും. കഴിഞ്ഞ സീസണിൽ ടീമിന്റെ കീരീടങ്ങളിൽ നിർണായകമായിരുന്ന കുർട്ടോ പരിക്കേറ്റ പുറത്തായിട്ടും മികച്ച പ്രകടനം തന്നെ കാഴ്ച്ച വെക്കാൻ റയലിനാവുന്നുണ്ട്. ഈ മത്സരത്തിലും കുർട്ടോ പുറത്തു തന്നെയാണ്. കൂടാതെ സേബായ്യോസ്, മാരിയാനോ എന്നിവരും പുറത്തു തന്നെ. വിനിഷ്യസ്, റോഡ്രിഗോ, വാൽവെർടെ, ചൗമേനി എല്ലാം അണിനിറക്കുമ്പോൾ ബാലൻ ഡിയോർ പെരുമയുമായി കരീം ബെൻസിമയും എത്തും. വ്യാഴാഴ്ച പുലർച്ചെ പന്ത്രണ്ട് മുപ്പതിനാണ് മത്സരത്തിന് പന്തുരുണ്ടു തുടങ്ങുക.