ബാഴ്‍സലോണയുമായുള്ള ലീഡ് ഉയർത്താനുള്ള അവസരം കളഞ്ഞു കുളിച്ച് റയൽ മാഡ്രിഡ്, സെൽറ്റയോട് സമനില

Staff Reporter

സൂപ്പർ താരം ഹസാർഡ് പരിക്ക് മാറി റയൽ മാഡ്രിഡിന് വേണ്ടി ഇറങ്ങിയിട്ടും സമനിലയിൽ കുടുങ്ങി റയൽ മാഡ്രിഡ്. ലീഗിൽ പതിനെട്ടാം സ്ഥാനത്തുള്ള സെൽറ്റവീഗയാണ് റയൽ മാഡ്രിഡിനെ 2-2ന് സമനിലയിൽ കുടുക്കിയത്. ഇതോടെ ലീഗ് പോയിന്റ് പട്ടികയിൽ ബാഴ്‌സലോണക്കെതിരെ മൂന്ന് പോയിന്റിന്റെ ലീഡ് സ്വന്തമാക്കാനുള്ള സുവർണാവസരമാണ് റയൽ മാഡ്രിഡ് കളഞ്ഞത്. നിലവിൽ ലാലീഗ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് റയൽ മാഡ്രിഡിന് ബാഴ്‌സലോണയെക്കാൾ ഒരു പോയിന്റിന്റെ ലീഡ് ആണ് ഉള്ളത്.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ റയൽ മാഡ്രിഡിനെതിരെ സെൽറ്റവീഗ ഗോൾ നേടി. ഏഴാം മിനുട്ടിൽ സ്മോലോവ് ആണ് റയൽ മാഡ്രിഡിനെ ഞെട്ടിച്ചുകൊണ്ട് ഗോൾ നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചുവന്ന റയൽമാഡ്രിഡ് 52ആം മിനുട്ടിൽ ടോണി ക്രൂസിലൂടെയും 65ആം മിനുറ്റിൽ റാമോസ് പെനാൽറ്റിയിലൂടെയും മത്സരത്തിൽ ലീഡ് സ്വന്തമാക്കി. പെനാൽറ്റി ബോക്സിൽ ഹസാർഡിനെ വീഴ്ത്തിയതിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ഗോളാക്കിയാണ് റാമോസ് റയൽ മാഡ്രിഡിന് ലീഡ് നേടിക്കൊടുത്തത്.

എന്നാൽ മത്സരത്തിൽ കാണിച്ച ആധിപത്യം കൂടുതൽ ഗോൾ നേട്ടമാക്കാൻ റയൽ മാഡ്രിഡിന് കഴിയാതിരുന്നതോടെ മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ സാന്റി മിനയിലൂടെ സെൽറ്റവീഗ സമനില പിടിക്കുകയായിരുന്നു.