റയൽ മാഡ്രിഡ് ജേഴ്സിയിൽ തന്റെ പത്താം മത്സരത്തിൽ പത്ത് ഗോളുകൾ തികച്ച ജൂഡ് ബെല്ലിങ്ഹാമിന്റെ മിന്നുന്ന ഫോമിന്റെ ബലത്തിൽ ഒസാസുനയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തെറിഞ്ഞ് റയൽ മാഡ്രിഡ്. ഇന്ന് നടന്ന മത്സരത്തിൽ ബെല്ലിങഹാം ഇരട്ട ഗോളുകൾ നേടിയപ്പോൾ വിനിഷ്യസ്, ജോസെലു എന്നിവരും വല കുലുക്കി. ഇതോടെ ഒന്നാം സ്ഥാനത്ത് രണ്ടു പോയിന്റ് ലീഡോടെ തുടരാനും ആൻസലോട്ടിക്കും സംഘത്തിനും ആയി.
റയൽ തന്നെ തുടക്കം മുതൽ മത്സരത്തിൽ ആധിപത്യം പുലർത്തി. ഒൻപതാം മിനിറ്റിൽ ജൂഡിലൂടെ സ്കോറിങ് ആരംഭിച്ചു. ബോക്സിനുളിൽ മോഡ്രിച്ചിന്റെ പാസ് സ്വീകരിച്ച കർവഹാൾ മറിച്ചു നൽകിയ പാസ് ജൂഡ് തകർപ്പൻ ഷോട്ടിലൂടെ വലയിൽ എത്തിച്ചു. വിനിഷ്യസിന്റെ ഷോട്ട് ലക്ഷ്യത്തിൽ നിന്നും അകന്നു. മുഴുവൻ സമയത്തിനു തൊട്ടു മുൻപ് സമനില ഗോൾ കണ്ടെത്താനുള്ള സുവർണാവസരം ഒസാസുന തുലച്ചു. മാർക് ചെയ്യപ്പെടാതെ നിന്ന മോൻകയോളയുടെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ജോസെലുവിന്റെ ഷോട്ട് പോസ്റ്റിനെ തൊട്ടിരുമി പോയി. 54ആം മിനിറ്റിൽ ബെല്ലിങ്ഹാം റയൽ ജേഴ്‌സിയിലെ തന്റെ പത്താം ഗോൾ കുറിച്ചു. ബോക്സിന് തൊട്ടു പുറത്തു നിന്നും വാൽവേർടെക്ക് പാസ് കൈമാറി ഓടിക്കയറിയ ജൂഡ്, പന്ത് തിരിച്ചു സ്വീകരിച്ച് കീപ്പറേ അനായാസം മറികടന്ന് വല കുലുക്കി. ഇതോടെ റയലിനായി ആദ്യ പത്ത് മത്സരങ്ങളിൽ പത്ത് ഗോളുകൾ നേടിയ സാക്ഷാൽ ക്രിസ്റ്റ്യാനോക്ക് ഒപ്പം എത്താനും ഇംഗ്ലീഷ് താരത്തിനായി. 65ആം മിനിറ്റിൽ വിനിഷ്യസും ലക്ഷ്യം കണ്ടു. വാൽവെർടേയുടെ പാസ് സ്വീകരിച്ചു കുതിച്ച താരം, കീപ്പറേയും മറികടന്ന് ഒഴിഞ്ഞ പോസിറ്റിലേക്ക് പന്തെത്തിച്ചു. അഞ്ച് മിനിറ്റിനു ശേഷം ജോസെലുവും സ്കോറിങ് പട്ടികയിൽ ഇടം പിടിച്ചു. ചൗമേനി ഉയർത്തി നൽകിയ പാസ് എതിർ ബോക്സിന് തൊട്ടു പുറത്തു നിന്നായി നിയന്ത്രിച്ച വിനിഷ്യസ് ചുറ്റും പൊതിഞ്ഞ എതിർ താരങ്ങൾക്കിടയിലൂടെ ഒരുക്കി നൽകിയ അവസരം ജോസെലു വലയിൽ എത്തിക്കുകയായിരുന്നു. പിന്നീട് ബോക്സിനുള്ളിൽ ബാർഹായുടെ ഹാൻഡ് ബോളിൽ റയലിന് പെനാൽറ്റി ലഭിച്ചെങ്കിലും ജോസെലുവിന്റെ ഷോട്ട് തടുത്തു കൊണ്ട് കീപ്പർ ഒസാസുനയുടെ തോൽവി ഭാരം കൂടാതെ കാത്തു.