ലാലിഗയിൽ വിവാദ റഫറി വിധികളാൽ നിറഞ്ഞ മത്സരത്തിൽ റയൽ മാഡ്രിഡിന് വിജയം. ഇന്ന് സാന്റിയാഗോ ബെർണബെയുവിൽ വെച്ച് അൽമേരിയയെ നേരിട്ട റയൽ മാഡ്രിഡ് തുടക്കത്തിൽ 2 ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച് 3-2 എന്ന വിജയം നേടുകയായിരുന്നു.
ഇന്ന് റയലിനെ ഞെട്ടിച്ച് കൊണ്ട് ആദ്യ മിനുട്ടിൽ തന്നെ അൽമേരിയ ലീഡ് എടുത്തു. റമസാനി ആയിരുന്നു ആദ്യ മിനുട്ടിൽ ഗോൾ നേടിയത്. ആദ്യ പകുതിയുടെ അവസാനം എഡ്ഗർ ഗോൺസാലസിലൂടെ സന്ദർശകർ ലീഡ് ഇരട്ടിയാക്കി. പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് ഒരു ഇടങ്കാലൻ സ്ക്രീമറിലൂടെ ആയിരുന്നു ഗോൺസാലസിന്റെ ഗോൾ. ആദ്യ പകുതി 0-2 എന്ന നിലയിൽ അവസാനിച്ചു.
രണ്ടാം പകുതി ആരംഭിക്കും മുമ്പ് തന്നെ ആഞ്ചലോട്ടി മൂന്ന് മാറ്റങ്ങൾ ടീം വരുത്തി. ഇത് റയലിനെ കൂടുതൽ അറ്റാക്കുകൾ നടത്താൻ സഹായിച്ചു. റഫറിയുടെ വിധികളാണ് ആണ് കളി മാറ്റിമറിച്ചത്. 56ആം മിനുട്ടിൽ ഒരു ഹാൻഡ്ബോളിന് വിധിച്ച പെനാൾട്ടി ബെല്ലിങ്ഹാം വലയിൽ എത്തിച്ചു. സ്കോർ 1-2.
പിന്നാലെ ഒരു കൗണ്ടർ അറ്റാക്കിലൂടെ അൽമേരിയ അവരുടെ മൂന്നാം ഗോൾ നേടി. ഗോളെന്ന് ഉറച്ഛ് ആഹ്ലാദം നടത്തി എങ്കിലും വാർ ആ ഗോൾ നിഷേധിച്ചു. ആ അറ്റാക്കിന് മുമ്പ് ഒരു ഫൗൾ ചെയ്തു എന്ന് കണ്ടെത്തിയാണ് ആ ഗോൾ നിഷേധിച്ചത്. ആ വിധിയും റയലിന് അനുകൂലമായി വന്നത് അൽമേരിയ ടീമിന് അംഗീകരിക്കാൻ ആയില്ല. സ്കോർ 1-2 എന്ന് തന്നെ തുടർന്നു.
67ആം മിനുട്ടിൽ ആണ് ഏറെ ചർച്ചകൾ വരാൻ പോകുന്ന വിനീഷ്യസ് ജൂനിയറിന്റെ സമനില ഗോൾ വന്നത്. വിനീഷ്യസ് തന്റെ കൈ കൊണ്ട് നേടിയ ഗോൾ ആദ്യം നിഷേധിക്കപ്പെട്ടു എങ്കിലും വാർ പരിശോധനകൾക്ക് ശേഷം ആ ഗോൾ അനുവദിക്കപ്പെട്ടു. ഇത് വലിയ ഞെട്ടലുണ്ടാക്കിയ വിധിയായി മാറി. സ്കോർ 2-2.
ഇതിനു ശേഷം റയലിന്റെ ആക്രമണങ്ങൾ മാത്രമാണ് കാണാൻ ആയത്. അവസാനം അവർക്ക് വിജയ ഗോൾ നേടാൻ ആയി. ജൂഡ് ബെല്ലിങ്ഹാമിന്റെ അസിസ്റ്റിൽ നിന്ന് കാർവഹാൾ ആണ് ഇഞ്ച്വറി ടൈമിൽ വിജയ ഗോൾ നേടിയത്. ഈ വിജയത്തോടെ റയൽ മാഡ്രിഡ് ലീഗിൽ ഒന്നാം സ്ഥാനത്ത് തിരികെയെത്തി. 20 മത്സരങ്ങളിൽ നിന്ന് 51 പോയിന്റാണ് റയൽ മാഡ്രിഡിനുള്ളത്. രണ്ടാമതുള്ള ജിറോണക്ക് 49 പോയിന്റ് ഉണ്ട്.