സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡിന് നാണം കെട്ട തോൽവി. ലീഗിൽ റയലിന് പിന്നിലായി 7 ആം സ്ഥാനത്തുള്ള എയ്ബാറിനോട് എതിരില്ലാത്ത 3 ഗോളുകൾക്കാണ് റയൽ തോൽവി വഴങ്ങിയത്. റയൽ പുതിയ പരിശീലകൻ സാന്റിയാഗോ സോളാരിക്ക് കീഴിൽ വഴങ്ങുന്ന ആദ്യ തോൽവിയാണ് ഇന്നത്തേത്. ഇന്നത്തെ തോൽവിയോടെ 13 മത്സരങ്ങളിൽ 20 പോയിന്റ് മാത്രമുള്ള റയൽ ആറാം സ്ഥാനത്ത് തുടരും.
ആദ്യപകുതിയിൽ ബേധപെട്ട പ്രകടനം പുറത്തെടുത്ത റയൽ പക്ഷെ രണ്ടാം പകുതിയിൽ തകർന്ന് അടിയുകയായിരുന്നു. എങ്കിലും ആദ്യ പകുതിയിൽ അവർ ഒരു ഗോളിന് പിന്നിലായിരുന്നു. 16 ആം മിനുട്ടിൽ മധ്യനിര താരം എസ്‌കലാന്റെ നേടിയ ഗോളാണ് അവർക്ക് ലീഡ് സമ്മാനിച്ചത്. രണ്ടാം പകുതിയിൽ മാറ്റങ്ങൾ ഇല്ലാതെയാണ് റയൽ ഇറങ്ങിയത്. 52 ആം മിനുട്ടിൽ സെർജ് എൻറിച്ചിന്റെ ഗോളിൽ എയ്ബാർ ലീഡ് ഉയർത്തി. തൊട്ട് പിറകെ പരിക്കേറ്റ റയൽ റൈറ്റ് ബാക്ക് ഒഡ്രിറിസോള പുറത്തായത് അവർക്ക് മറ്റൊരു തിരിച്ചടിയായി.
57 ആം മിനുട്ടിൽ കിക്കിയിലൂടെ എയ്ബാർ ലീഡ് മൂന്നാക്കിയതോടെ റയൽ പതനം പൂർത്തിയായി. പിന്നീട് ഇസ്കോ, വിനിഷ്യസ് ജൂനിയർ എന്നിവർ ഇറങ്ങിയെങ്കിലും ആർക്കും കാര്യമായി ഒന്നും ചെയാനായില്ല.
റയൽ സ്ഥിരം പരിശീലകനായി നിയമിതനായ ശേഷമുള്ള ആദ്യ മത്സരം തന്നെ കനത്ത തോൽവി വഴങ്ങിയത് സോളാരിക്ക് വൻ തിരിച്ചടിയാകും.