റയൽ മാഡ്രിഡിന്റെ ഇതിഹാസ താരവും മുൻ പരിശീലകനും ആയിരുന്ന അമാൻസിയോ അമാരോ ഇനിയില്ല. റയലിന്റെ നിലവിലെ “ഹോണററി പ്രസിഡന്റ്” കൂടി ആയ അദ്ദേഹം തന്റെ 83 ആം വയസിൽ മരണപ്പെട്ടു. ക്ലബ്ബും ബോർഡ് അംഗങ്ങളും ഇതിഹാസത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി റയൽ മാഡ്രിഡ് അനുശോചന കുറിപ്പിൽ അറിയിച്ചു. മാഡ്രിഡിനും കായിക ലോകത്തിന് തന്നെയും അദ്ദേഹം ഒരു മാതൃക ആയിരുന്നു എന്നും ക്ലബ്ബ് അറിയിച്ചു.
കളിക്കാരൻ ആയും കോച്ച് ആയും ഐതിഹാസികമായ കരിയർ ആണ് അമാൻസിയോ മാഡ്രിഡിൽ നയിച്ചത്. റയലിന് വേണ്ടി പതിനാല് സീസണോളം പന്ത് തട്ടിയ അദ്ദേഹം വിരമിക്കുമ്പോൾ ടീമിന്റെ നാലാമത്തെ ഏറ്റവും മികച്ച നാലാമത്തെ ഗോൾ സ്‌കോറർ ആയിരുന്നു. യൂറോപ്യൻ കപ്പ്, ഒൻപത് ലാ ലീഗ കിരീടങ്ങൾ, മൂന്ന് സ്പാനിഷ് കപ്പ് എന്നീ കിരീടങ്ങൾ ഈ കാലയളവിൽ ടീം സ്വന്തമാക്കി. ’64 ബാലൺ ഡിയോർ പോരാട്ടത്തിൽ മൂന്നാം സ്ഥാനത്ത് എത്തിയ അദ്ദേഹം അതേ വർഷം സ്പാനിഷ് ടീമിനോടൊപ്പം യൂറോപ്യൻ ചാംപ്യൻഷിപ്പും നേടി. വിരമിച്ച ശേഷവും തന്റെ വിലമതിക്കാനവാത്ത സേവനം ക്ലബ്ബിനായി അമാൻസിയോ തുടർന്നു. മാഡ്രിഡ് ബി ടീം ആയ കാസ്റ്റിയ്യയുടെ പരിശീലകൻ ആയ ശേഷം, ടീമിനെ ’84ൽ രണ്ടാം ഡിവിഷൻ ചാമ്പ്യന്മാരാക്കി മാറ്റാൻ അദ്ദേഹത്തിന് സാധിച്ചു. മറ്റൊരു “ബി” ടീമുകൾക്കും ഈ നേട്ടം കരസ്ഥമാക്കാൻ സാധിച്ചിട്ടില്ല. തുടർന്ന് സീനിയർ ടീം പരിശീലികൻ ആയി ഉയർത്തപ്പെട്ട അദ്ദേഹം ബി ടീമിലെ തന്റെ ശിഷ്യർക്ക് സീനിയർ ടീമിന്റെ വാതിലുകൾ തുറന്നു. ആ ടീം “ക്വിന്റ ഡെൽ ബ്വിത്രേ” (ഫൈവ് വൾച്ചെഴ്‌സ്) എന്ന പേരിൽ പ്രശസ്തമായി. കളത്തിൽ ഉണ്ടായിരുന്ന കാലത്ത് തന്റെ ഡ്രിബ്ലിങ് പാടവം കൊണ്ട് “എൽ ബ്രുഹോ” (വിസാർഡ്) എന്നറിയപ്പെട്ടിരുന്ന അദ്ദേഹം,രണ്ടാം ഡിവിഷനിൽ ഡിപ്പോർടിവോ ലാ കൊരുണക്ക് വേണ്ടി നടത്തിയ ഗോളടിയിലൂടെ ആണ് റയലിന്റെ ശ്രദ്ധയിൽ എത്തിയത്. വെള്ളക്കുപ്പായത്തിൽ അരങ്ങേറിയ ശേഷം പിന്നെ കരിയറിൽ അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കഴിഞ്ഞ വർഷമാണ് ഹോണററി പ്രെസിഡണ്ട് ആക്കി അമാൻസിയോയെ റയൽ ആദരിച്ചത്.