ലാലിഗയിൽ ഇന്ന് കിരീടം തീരുമാനിക്കപ്പടുന്ന ദിവസമാണ്. ഇന്ന് റയൽ മാഡ്രിഡിന് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ലീഗ് കിരീടത്തിൽ മുത്തമിടാൻ സാധിക്കും. ബാഴ്സലോണ ഇന്ന് എത്ര പോയന്റ് നേടുന്നോ അത്ര നേടിയാൽ മതി റയലിന് ഒരു മത്സരം ശേഷിക്കെ വിജയം ഉറപ്പിക്കാൻ. ലീഗിൽ രണ്ട് മത്സരം ശേഷിക്കെ ആകെ രണ്ട് പോയന്റ് മാത്രമെ സിദാന്റെ ടീമിന് കിരീടം നേടാൻ വേണ്ടതുള്ളൂ.
ഇന്ന് റയൽ വിജയിച്ചാലും, ബാഴ്സലോണ പരാജയപ്പെട്ടാലും ഒക്കെ റയലിന് കിരീടം ഉറപ്പാണ്. ഇന്ന് രാത്രി 12.30നാണ് റയൽ മാഡ്രിഡും വിയ്യാറയലുമായ പോരാട്ടം. അതേ സമയം തന്നെ മറുവശത്ത് ബാഴ്സലോണ ഒസാസുനയെയും അതേ സമയത്ത് നേരിടുന്നുണ്ട്. ഇന്ന് കിരീടം സ്വന്തമാക്കിയാൽ അത് റയൽ മാഡ്രിഡിന്റെ 34ആം ലാലിഗ കിരീടമാകും. ഏറ്റവും കൂടുതൽ ലാലിഗ കിരീടം നേടിയതും റയൽ തന്നെയാണ്. ബാഴ്സലോണക്ക് 26 ലീഗ് കിരീടമാണുള്ളത്.
അവസാന എട്ടു വർഷത്തിനിടയിൽ റയൽ മാഡ്രിഡ് നേടുന്ന രണ്ടാം ലീഗ് കിരീടം മാത്രമാകും ഇത്. റയൽ മാഡ്രിഡ് പരിശീലകൻ സിദാന്റെ രണ്ടാം ലീഗ് കിരീടവുമാകും ഇത്. നേരത്തെ 2016-17 സീസണിലും സിദാന്റെ കീഴിൽ റയൽ മാഡ്രിഡ് ലാലിഗ കിരീടം നേടിയിരുന്നു.