ലാ ലീഗ; റയൽ മാഡ്രിഡിന് എതിരാളികൾ ജിറോണ

ലാ ലീഗയിൽ ഒന്നാമത് തുടരുന്ന റയൽ മാഡ്രിഡിന് ഈ വാരം എതിരാളികൾ ജിറോണ. പത്തൊൻപതാം സ്ഥാനത്തുള്ള എതിരാളികൾക്കെതിരെ അനായാസ വിജയമാണ് മാഡ്രിഡ് ലക്ഷ്യം വെക്കുന്നത്. സാന്റിയാഗോ ബെർണബ്യുവിൽ വെച്ചു നടക്കുന്ന മത്സരം ഇന്ത്യൻ സമയം ഞായറാഴ്ച വൈകിട്ട് എട്ട് നാല്പത്തിയഞ്ചിനാണ് ആരംഭിക്കുക.
Picsart 22 10 30 00 18 44 067

പരിക്കിന്റെ ആശങ്കൾക്കിടയിലാണ് റയൽ സ്വന്തം തട്ടകത്തിൽ മത്സരത്തിന് ഇറങ്ങുന്നത്. കരീം ബെൻസിമക്ക് ഒരിക്കൽ കൂടി പുറത്തിരിക്കേണ്ടി വരുമെന്ന് ഉറപ്പായിട്ടുണ്ട്. പരിശീലനത്തിന് ഇറങ്ങിയില്ലെങ്കിലും റോഡ്രിഗോയുടെ സേവനം മത്സരത്തിൽ മാഡ്രിഡിന് ലഭിച്ചേക്കും എന്നാണ് സൂചനകൾ. ലെപ്സിഗിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ടീമിൽ വിശ്രമം അനുവദിച്ച മോഡ്രിച്ച്, ഫെഡേ വാൽവേർടെ, മെന്റി എന്നിവർ തിരിച്ചെത്തുന്നത് ആൻസലോട്ടിക്ക് കരുത്തു പകരും. സെബയോസ്, മാരിയാനോ എന്നിവരും പരിക്ക് മാറി എത്തിയിട്ടുണ്ട്. ലെപ്സിഗിനെതിരായ മത്സര ശേഷം മികച്ച വിജയം ലക്ഷ്യമിട്ട് തന്നെയാണ് തങ്ങൾ കളത്തിൽ ഇറങ്ങുന്നതെന്ന് മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ ആൻസലോട്ടി വ്യക്തമാക്കി. ബെൻസിമ വൈദ്യ പരിശോധനകൾക്ക് വിധേയനായിട്ടുണ്ടെന്നും ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.