മാസങ്ങൾക്ക് ശേഷം പോയിന്റ് പട്ടികയിൽ മുകളിൽ എത്തിയ ബാഴ്‌സയെ താഴെ ഇറക്കാൻ റയൽ കളത്തിൽ ഇറങ്ങുന്നു. ലീഗിലെ എട്ടാം മത്സരത്തിൽ ഗെറ്റാഫെയാണ് ആൻസലോട്ടിയുടെയും ടീമിന്റെയും എതിരാളികൾ. അതേ സമയം കരീം ബെൻസിമ മത്സരത്തിന് ഉണ്ടാവില്ലെന്ന് ഉറപ്പായി. പരിക്കിന്റെ സൂചനകൾ ഒന്നും ഇല്ലെങ്കിലും അടുത്ത വാരം ചാമ്പ്യൻസ് ലീഗ് മത്സരവും ശേഷം എൽ ക്ലാഡിക്കോയും ഉള്ളതിനാൽ പരിക്ക് ബേധമായി അടുത്തിടെ ടീമിലേക്ക് മടങ്ങിയെത്തിയ താരത്തിന് വിശ്രമം അനുവദിക്കാൻ കോച്ച് തീരുമാനിച്ചതായാണ് കണക്ക് കൂട്ടൽ.
ഫ്രഞ്ച് താരത്തിന്റെ അഭാവം തങ്ങളെ വലിയ രീതിയിൽ ബാധിക്കില്ല എന്ന് റയൽ ഈ സീസണിൽ പലവട്ടം തെളിയിച്ചിട്ടുണ്ട്. വിനിഷ്യസും റോഡ്രിഗോയും അടങ്ങിയ ബ്രസീലിയൻ മുന്നേറ്റം അതീവ പ്രഹരശേഷിയുള്ളതാണ്. കുർട്ടോയും പരിക്ക് മൂലം പുറത്തു തന്നെയാണ്. ടീമിൽ മറ്റ് വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടാകില്ല. ക്രൂസ്, മോഡ്രിച്ച്, ചൗമേനി, കമാവിംഗ, വാൽവെർടേ തുടങ്ങി മുൻനിര താരങ്ങൾ എല്ലാം അണിനിരക്കും.
ഏഴു മത്സരങ്ങളിൽ നിന്നും ഏഴു പോയിന്റുമായി പതിനാലാം സ്ഥാനത്താണ് ഗെറ്റഫെ. സ്വന്തം തട്ടകം ആണെങ്കിലും റയലിന് ഭീഷണി ഉയർത്താൻ അവർക്ക് കഴിഞ്ഞേക്കില്ല. ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ പന്ത്രണ്ട് മുപ്പതിനാണ് മത്സരം ആരംഭിക്കുക.