തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ തോറ്റതിന് പിന്നാലെ ലാ ലീഗയിൽ ജയിച്ച് റയൽ മാഡ്രിഡ്. ഇന്നലെ നടന്ന റയൽ വയ്യഡോലിദിനെതിരെയാണ് റയൽ മാഡ്രിഡ് ജയിച്ചത്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡിന്റെ ജയം.
എന്നാൽ സ്കോർ ലൈൻ സൂചിപ്പിക്കുന്നതുപോലെ അനായാസമായിരുന്നില്ല റയൽ മാഡ്രിഡിന്റെ വിജയം. ആദ്യ പകുതിയിൽ ഒന്നിന് പിറകെ ഒന്നായി നിരവധി അവസരങ്ങളാണ് റയൽ വയ്യഡോലിദ് സൃഷ്ട്ടിച്ചത്. ആദ്യ പകുതിയിൽ ഒരു പെനാൽറ്റി നഷ്ടപ്പെടുത്തുകയും 2 ഗോളുകൾ ഓഫ്‌സൈഡിൽ കുടുങ്ങുകയും ചെയ്തത് വയ്യഡോലിദിന് തിരിച്ചടിയായി. എന്നാൽ 29ആം മിനുട്ടിൽ മുഹമ്മദ് ടുഹാമിയിലൂടെ വയ്യഡോലിദ് മത്സരത്തിൽ മുൻപിലെത്തി.
എന്നാൽ അവരുടെ ലീഡിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. 34ആം മിനുട്ടിൽ വരാനെയിലൂടെ റയൽ മാഡ്രിഡ് സമനില പിടിച്ചു. തുടർന്ന് രണ്ടാം പകുതിയിൽ ബെൻസേമയുടെ ഇരട്ടഗോളുകളും മോഡ്രിച്ചിന്റെ ഗോളും റയൽ മാഡ്രിഡിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു. രണ്ടു മഞ്ഞ കാർഡ് കണ്ട് 80ആം മിനുട്ടിൽ കാസെമിറോ പുറത്തുപോയതോടെ 10 പേരുമായാണ് റയൽ മാഡ്രിഡ് മത്സരം പൂർത്തിയാക്കിയത്.