ഉത്തേജകം ഉപയോഗിച്ചു എന്ന ആരോപണം നേരിടുന്ന റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ് വിഷയത്തിൽ ആദ്യമായി പ്രതികരിച്ചു. ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ആരോപണങ്ങൾ നിഷേധിച്ച് താരം രംഗത്ത് എത്തിയത്. കരിയറിൽ ഒരിക്കൽ പോലും താൻ ഇത്തരം വസ്തുക്കൾ ഉപയോഗിച്ചിട്ടില്ല എന്ന് താരം വ്യക്തമാക്കി. 2017 ചാമ്പ്യൻസ് ലീഗ് ഫൈനലിന് ശേഷം റാമോസ് ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടിരുന്നു എന്ന് ഫുട്ബോൾ ലീക്സാണ് പുറത്ത് വിട്ടത്.
വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പ്രകാരം താൻ ഒരിക്കലും ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടില്ല, കരിയറിൽ എക്കാലവും ഇത്തരം നടപടികൾക്ക് എതിരായിരുന്നു, ഇനിയും അങ്ങനെ തന്നെയാകും എന്നും റാമോസ് വ്യക്തമാക്കി. വാർത്ത നൽകിയ മാധ്യമങ്ങൾക്ക് എതിരെ നടപടി എടുക്കുന്ന കാര്യം തന്റെ ലീഗൽ ടീമുമായി ആലോചിക്കുമെന്നും റാമോസ് പ്രസ്താവനയിൽ വ്യക്തമാക്കി.













