ഏർലിംഗ് ഹാലണ്ടിനേയും കിലിയൻ എമ്പാപ്പെയേയും കുറിച്ചുള്ള വാർത്തകളെ കുറിച്ചു പ്രതികരിച്ച് ഫ്ലോറന്റിനോ പെരെസ്. ഇരുവർക്കും വേണ്ടി റയൽ മാഡ്രിഡ് വീണ്ടും കളത്തിൽ ഇറങ്ങിയെക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ബാലൻഡിയോർ ചടങ്ങിന് ശേഷം മാധ്യമപ്രവർത്തകരോട് അദ്ദേഹം പ്രതികരിച്ചത്. ഹാലണ്ടിന്റെ കരാറിൽ റിലീസ് ക്ലോസ് ചേർത്തിട്ടുളളതിനെ കുറിച്ചുള്ള ചോദ്യത്തിന് അതിനെ കുറിച്ച് തനിക്ക് അറിവൊന്നും ഇല്ലെന്നാണ് പെരെസ് പ്രതികരിച്ചത്. താരത്തിന് വേണ്ടി മാഡ്രിഡ് നീക്കം നടത്തിയെക്കുമോ എന്ന താരത്തിൽ യാതൊരു സൂചനയും അദ്ദേഹത്തിൽ നിന്നുണ്ടായില്ല.
ഏറെ ശ്രമിച്ചിട്ടും കയ്യിൽ നിന്നും വഴുതിപ്പോയ കിലിയൻ എമ്പാപ്പെയെ കുറിച്ചും മാധ്യമങ്ങൾ പെരെസിന്റെ പ്രതികരണം ആരാഞ്ഞു. താരത്തിനെ പറ്റിയുള്ള സംഭവവികാസങ്ങൾ താനിപ്പോൾ ശ്രദ്ധിക്കുന്നില്ലെന്നും എന്നാൽ താരത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ തന്നെ മടുപ്പിച്ചു എന്ന് ഇതിന് അർത്ഥമില്ലെന്നും പെരെസ് പറഞ്ഞു. “തങ്ങളുടെ ഭാവി ശുഭകരമാണ്, വിനിഷ്യസ്,റോഡ്രിഗോ തുടങ്ങി ലോകോത്തര താരങ്ങൾ നിലവിൽ തങ്ങൾക്കുണ്ട്. ഒരു പക്ഷെ ഭാവിയിൽ ബാലൻഡിയോർ നേടാൻ കെൽപ്പുള്ളവർ” പെരെസ് പറഞ്ഞു. കരീം ബെൻസിമ അവാർഡ് അർഹിക്കുന്നുണ്ടെന്നും റൊണാൾഡോ നസരിയോയും സിദാനും ചേർന്ന കഴിവുള്ള താരമാണ് ബെൻസിമ എന്നും മാഡ്രിഡ് പ്രെസിഡന്റ് പുകഴ്ത്തി.