തുടർച്ചയായ രണ്ടാം വാരവും ലാ ലീഗയിൽ പെഡ്രി നേടിയ ഏക ഗോളിൽ മത്സരം കൈക്കലാക്കി ബാഴ്‌സലോണ. ടീമിനായി നൂറാം മത്സരത്തിന് ഇറങ്ങിയ സ്പാനിഷ് താരത്തിന്റെ മികവിൽ ആതിഥേയരായ ജിറോണയെ വീഴ്ത്തി നിർണായകമായ മൂന്ന് പോയിന്റും നേടിയെടുക്കാൻ ബാഴ്‌സക്കായി. എങ്കിലും പതിവ് താളം കണ്ടെത്താനാവാത്ത ടീമിന്റെ പ്രകടനം സാവിക്ക് തലവേദന ആവും എന്നുറപ്പാണ്. വിജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ലീഡ് താൽക്കാലികമായെങ്കിലും ആറാക്കി ഉയർത്താൻ ബാഴ്‌സക്കായി.
ലെവെന്റോവ്സ്കിയില്ലാതെ കളത്തിൽ ഇറങ്ങിയ ബാഴ്‌സക്ക് കഴിഞ്ഞ മത്സരത്തിൽ ഗെറ്റാഫെയെ നേരിട്ട മത്സരത്തിലെ അനുഭവം ആവർത്തിക്കുകയായിരുന്നു. പെഡ്രി, ക്രിസ്റ്റൻസൻ എന്നിവർക്ക് വിശ്രമവും അനുവദിച്ചാണ് സാവി ടീമിനെ അണിനിരത്തിയത്. എന്നാൽ റാഫിഞ്ഞക്കും ഫാറ്റിക്കും ഡെമ്പലേക്കും കാര്യങ്ങൾ എളുപ്പമായില്ല. പരിക്ക് മൂലം ആദ്യ പകുതിയിൽ തന്നെ ഡെമ്പലെ തിരിച്ചു കയറുക കൂടി ചെയ്തതോടെയാണ് പെഡ്രി കളത്തിലേക്ക് എത്തിയത്. എത്തിയ പ്രതിരോധം ഭേദിക്കാൻ ബാഴ്‌സലോണ പാടു പെടുന്നതിടെയാണ് മത്സരത്തിലെ ഗോൾ വന്നത്.
അറുപതാം മിനിറ്റിൽ ബോക്സിന്റെ ഇടത് വശത്തു നിന്നും ആൽബ നൽകിയ പാസ് ആണ് ഗോളിൽ കലാശിച്ചത്. പിന്നീട് അവസാന മിനിറ്റുകളിൽ മത്സരം കൈപ്പിടിയിൽ ഒത്തുക്കാൻ പ്രതിരോധത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു സാവിയുടെ സംഘം. എന്നാൽ തുടർച്ചയായ ക്രോസുകളുമായി ജിറോണ ഭീതി സൃഷ്ടിച്ചു കൊണ്ടിരുന്നു. അരോഹോയുടെയും കുണ്ടെയുടെയും റ്റെർ സ്റ്റഗന്റെയും ഇടപെടലുകൾ ബാഴ്‌സക്ക് തുണയായപ്പോൾ ഭാഗ്യത്തിന്റെ അകമ്പടിയും അവർക്ക് ലഭിച്ചു. ഈ മത്സരത്തോടെ ലെവെന്റോവ്സ്കിയുടെ സസ്‌പെൻഷൻ അവസാനികുന്നത് ബാഴ്‌സലോണക്ക് ആശ്വാസമാണ്. അടുത്ത മത്സരത്തിൽ പോളണ്ട് താരം ടീമിൽ ഇടം പിടിക്കും.