കോൺഫറൻസ് ലീഗിൽ പങ്കെടുക്കുന്നതിൽ നിന്നും യുവേഫയുടെ വിലക്ക് നേരിട്ട ഒസാസുനക്ക് ആശ്വാസമായി കോടതി വിധി. കോർട് ഓഫ് ആർബിട്രെഷൻ ഫോർ സ്‌പോർട് (സിഈഎസ്) നെ സമീപിച്ചാണ് സ്പാനിഷ് ക്ലബ്ബ് അനുകൂലമായ വിധി നേടിയെടുത്തത്. ഏകദേശം ഒരു പതിറ്റാണ്ട് മുൻപ് നടന്ന വിവാദമായ മാച്ച് ഫിക്സിങ് സംഭവങ്ങളുടെ പേരിൽ യുവേഫ ഇപ്പോൾ ഏർപ്പെടുത്തിയ വിലക്ക് ക്ലബ്ബ് പുതുതായി സമർപ്പിച്ച തെളിവുകളുടെ ബലത്തിൽ സിഎഎസ് എടുത്തു കളഞ്ഞതായി ഒസാസുന തങ്ങളുടെ ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചു. ഇതോടെ ക്ലബ്ബ് ഈ സംഭവത്തിൽ ഇരയാക്കപ്പെട്ടിരിക്കുകയാണെന്ന് യുവേഫയും നിഗമനത്തിൽ എത്തിയിട്ടുണ്ട്.
ഇതോടെ യുവേഫ കോൺഫറൻസ് ലീഗ് പ്ലേ ഓഫിൽ ഒസാസുനയും ഉണ്ടാവും. ഓഗസ്റ്റ് 24,31 തിയ്യതികളിൽ ആണ് മത്സരം നടക്കുക. അതേ സമയം യുവേഫയുടെ വിധിക്കെതിരെ കോടതിയെ സമീപിച്ചതിന് ടീമിനെതിരെ അച്ചടക്ക നടപടി ആയി പിഴ ചുമത്താൻ യുവേഫ തീരുമാനിച്ചു. സ്‌പോർട് കോർടിന് പുറമെ സാധാരണ കോടതിയെ കൂടി ടീം സമീപിച്ചിരുന്നു. ഇത് യുവേഫയുടെ നടപടികൾക്ക് എതിരാണ്. നേരത്തെ ലീഗിൽ യുറോപ്യൻ യോഗ്യത നേടി ദിവസങ്ങൾക്കുള്ളിൽ ഒസാസുനക്കെതിരായ യുവേഫ വിധി വന്നിരുന്നു. എന്നാൽ ഒട്ടും താമസിയാതെ കോടതിയെ സമീപിച്ചു തെളിവുകൾ നിരത്തിയ സ്പാനിഷ് ടീമിന് തങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ ആയി. പതിനാറു വർഷങ്ങൾക്ക് ശേഷമാണ് ഒസാസുന യൂറോപ്പിലേക്ക് യോഗ്യത നേടിയത്.
Download the Fanport app now!