ബാഴ്സലോണയുടെ ഇപ്പോഴത്തെ അവസ്ഥയിൽ മെസ്സി രോഷാകുലനാണെന്ന് റിപ്പോർട്ട്. ക്ലബിന്റെ മാനേജ്മെന്റിനെ മെസ്സി തന്റെ അതൃപ്തി അറിയിച്ചിരിക്കുകയാണ്. ക്ലബിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തണം എന്നും കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തണം എന്നുമാണ് മെസ്സി ആവശ്യപ്പെടുന്നത്. ഇപ്പോൾ ലാലിഗയിൽ ബാഴ്സലോണ കഷ്ടപ്പെടുന്നത് മാത്രമല്ല മെസ്സിയുടെ വിഷയം. ക്ലബിന്റെയും പരിശീലകരുടെയും നിലപാടിലും മെസ്സിക്ക് അതൃപ്തിയുണ്ട്.
സെറ്റിയൻ ക്ലബിൽ തുടരുന്നതിലും മെസ്സിക്ക് താല്പര്യമില്ല. സാവിയെയോ കോമനെയോ അടുത്ത പരിശീലകനായി എത്തിക്കാനാണ് മെസ്സി ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ സീസണുകളിൽ നെയ്മറിനെ ടീമിൽ എത്തിക്കാൻ താരങ്ങൾ ഒക്കെ ആവശ്യപ്പെട്ടിട്ടും ക്ലബ് അത് ചെയ്യാത്തതിലെ പ്രശ്നവും മെസ്സി അറിയിച്ചു. ടീം ശ്കതിപ്പെടുത്താൻ ക്ലബിനാകുന്നില്ല എന്നതും ആർതുറിനെ പോലുള്ള താരത്തെ കൈവിട്ടതും മെസ്സി മാനേജ്മെന്റിനെ ധരിപ്പിച്ചതായും സ്പാനിഷ് മാധ്യമങ്ങൾ പറയുന്നു.
ആര് അടുത്ത് ക്ലബ് പ്രസിഡന്റ് ആകും എന്നതിലും വ്യക്തത വേണം എന്നും മെസ്സി ആവശ്യപ്പെടുന്നു. ക്ലബിന് ടീം മെച്ചപ്പെടുത്താനും ക്ലബിനെ കിരീടങ്ങളിലേക്ക് നയിക്കാനും താല്പര്യമില്ല എങ്കിൽ ക്ലബിൽ തുടരുക ഇല്ല എന്നും മെസ്സി പറയുന്നു. മെസ്സിയുടെ ബാഴ്സലോണ കരാർ അടുത്ത വർഷം അവസാനിക്കാൻ ഇരിക്കുകയാണ്.