സാൻ്റിയാഗോ ബെർണാബ്യൂവിൽ നടന്ന നാടകീയമായ ലാ ലിഗ ഏറ്റുമുട്ടലിൽ റയൽ മാഡ്രിഡ് അലാവസിനെതിരെ 3-2 ന് ജയം നേടി. ഈ വിജയത്തോടെ റയൽ മാഡ്രിഡിനെ ഏഴ് മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. ആറ് മത്സരങ്ങളിൽ നിന്ന് 18 പോയിൻ്റുള്ള ബാഴ്‌സലോണയ്ക്ക് ഒരു പോയിൻ്റ് മാത്രം പിന്നിലാണ് റയൽ ഉള്ളത്.
ആദ്യ മിനിറ്റിൽ തന്നെ ലൂക്കാസ് വാസ്‌ക്വസ് ഗോൾ നേടിയതോടെ കളിക്ക് ആവേശകരമായ തുടക്കം ലഭിച്ചു. വിനീഷ്യസ് ജൂനിയർ ആണ് ആ ഗോളിന് അസിസ്റ്റ് നൽകിയത്.
40-ാം മിനിറ്റിൽ ജൂഡ് ബെല്ലിംഗ്ഹാമുമായി ചേർന്ന് കൈലിയൻ എംബാപ്പെ റയൽ മാഡ്രിഡിൻ്റെ ലീഡ് ഇരട്ടിയാക്കി. ബോക്‌സിലേക്ക് കുതിക്കുന്നതിന് മുമ്പ് എംബാപ്പെ ഇംഗ്ലീഷ് മിഡ്‌ഫീൽഡറുമായി അതിവേഗ വൺ-ടു കൈമാറിയായിരുന്നു പന്ത് ഫിനിഷ് ചെയ്തത്.
രണ്ടാം പകുതി തുടങ്ങി മൂന്ന് മിനിറ്റിനുള്ളിൽ റോഡ്രിഗോ ലീഡ് 3-0 ആക്കി, അലാവെസിൻ്റെ പ്രതിരോധ പിഴവ് മുതലെടുത്ത് ടൈറ്റ് ആംഗിളിൽ നിന്ന് ബ്രസീലിയൻ താരം ഗോളടിക്കുകയായിരുന്നു.
ഗെയിം റയൽ മാഡ്രിഡ് സ്വന്തമാക്കി എന്ന് ആശ്വസിച്ചിരിക്കെ അലാവസിന്റെ തിരിച്ചടിവന്നു. 85-ാം മിനിറ്റിൽ കാർലോസ് ബെനാവിഡെസ് ഒരു ഗോൾ മടക്കി. ഒരു മിനിറ്റിനുശേഷം, കിക്ക് ഗാർസിയ മറ്റൊരു ഗോൾ കൂടെ കൂട്ടിച്ചേർത്തു, സ്കോർ 3-2 എന്നാക്കി.
വൈകിയ സമ്മർദങ്ങൾക്കിടയിലും റയൽ മാഡ്രിഡ് വിജയം ഉറപ്പിച്ചു. ഫലം അവരെ ലാ ലിഗയിൽ രണ്ടാം സ്ഥാനത്ത് നിലനിർത്തുന്നു.
റയൽ മാഡ്രിഡ് അവരുടെ ആക്രമണ പ്രകടനത്തിൽ നിന്ന് പോസിറ്റീവുകൾ എടുക്കും, എന്നാൽ സമനില ഗോൾ നേടാൻ അലാവസിനെ ഏതാണ്ട് അനുവദിച്ച പ്രതിരോധത്തിലെ വീഴ്ചകളെക്കുറിച്ച് കാർലോ ആൻസലോട്ടി ആശങ്കാകുലനായിരിക്കും.