ലാ മാസിയയിലെ ഏറ്റവും മികച്ച കണ്ടെത്തലുകളിൽ ഒരാളായി വിലയിരുത്തന്ന യുവതാരം ലാമീൻ യമാലിന് ബാഴ്‌സയിൽ ആദ്യ പ്രൊഫഷണൽ കരാർ ഒരുങ്ങുന്നു. താരത്തിന് പതിനാറു വയസ് തികഞ്ഞതിനു പിറകെയാണ് ടീം ദീർഘകാല കരാർ നൽകുന്നത്. യമാലിന്റെ ഏജന്റ് ആയ ജോർജെ മെന്റസിന് മുന്നിൽ ബാഴ്‌സ നേരത്തെ തന്നെ ഓഫർ സമർപ്പിച്ചു കഴിഞ്ഞതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട് ചെയ്തിരുന്നു. മൂന്ന് വർഷത്തെ കരാർ ആണ് മുന്നോട്ടു വെച്ചിരിക്കുന്നത്. ഇത് മറ്റു രണ്ടു സീസണിലേക്ക് കൂടി നീട്ടാനുള്ള സാധ്യതയും ഉണ്ടാവും.
ഫിഫയുടെ റൂളുകൾ അനുസൃതമായാണ് മൂന്ന് വർഷത്തെ മാത്രം കരാർ ബാഴ്‌സ നൽകുന്നത്. ലാ മാസിയയുടെ ഏറ്റവും മികച്ച കണ്ടെത്തലുകളിൽ ഒന്നിൽ സാവിയും വിശ്വാസം അർപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ സീസണിൽ യമാലിന് സീനിയർ ടീമിലും അരങ്ങേറാൻ അവസരം നൽകി. ഇത്തവണ പ്രീ സീസണിൽ ടീമിനോടോവും യുഎസ്സിലേക്ക് തിരിക്കുക യമാൽ, വരുന്ന സീസണിൽ സീനിയർ ടീമിനോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുമെന്ന് ഉറപ്പാണ്. സ്പാനിഷ് യൂത്ത് ടീമുകളിലും താരം ഇടം സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. വരും ദിവസങ്ങളിൽ തന്നെ കരാറിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.