ജനുവരിക്ക് ശേഷം ലാ ലീഗയിൽ തോൽവി വഴങ്ങി റയൽ മാഡ്രിഡ്! വിജയ ഗോളുമായി മുൻ ബാഴ്‌സ താരം

Screenshot 20211003 213444

സ്പാനിഷ് ലാ ലീഗയിൽ കഴിഞ്ഞ ജനുവരിക്ക് ശേഷം ആദ്യമായി തോൽവി വഴങ്ങി റയൽ മാഡ്രിഡ്. കറ്റാലൻ വീര്യം പുറത്ത് എടുത്ത കറ്റാലൻ ക്ലബ് ആയ എസ്പന്യോൾ ആണ് റയൽ മാഡ്രിഡിനെ ഞെട്ടിച്ചത്. മത്സരത്തിൽ 67 ശതമാനം സമയവും പന്ത് കൈവശം വച്ച റയൽ തന്നെയാണ് കൂടുതൽ അവസരങ്ങൾ തുറന്നത്. എന്നാൽ 17 മിനിറ്റിൽ അഡ്രിയാൻ എമ്പാർബയുടെ പാസിൽ നിന്നു റൗൾ ഡ തോമസ് എസ്പന്യോളിന് ആദ്യ ഗോൾ നൽകി. ഗോൾ വഴങ്ങിയതോടെ റയൽ സമനില ഗോളിനായി പരിശ്രമിച്ചു.

എന്നാൽ രണ്ടാം പകുതിയിൽ 60 മിനിറ്റിൽ കെയ്‌ദി ബരെയുടെ പാസിൽ നിന്നു അതുഗ്രൻ ഓട്ടത്തിന് ഒടുവിൽ ഗോൾ നേടിയ മുൻ ബാഴ്‌സലോണ താരം അലക്‌സ് വിദാൽ റയലിന് രണ്ടാം അടി നൽകി. രണ്ടാം ഗോൾ കൂടി വഴങ്ങിയതോടെ റയൽ കൂടുതൽ ഉണർന്നു. ഇതിന്റെ ഫലം ആയിരുന്നു 71 മിനിറ്റിൽ ലൂക്കോ ജോവിച്ചിന്റെ പാസിൽ നിന്നു കൗണ്ടർ അറ്റാക്കിൽ കരീം ബെൻസെമ നേടിയ ഗോൾ. സീസണിൽ തന്റെ ഗോളടി മികവ് ബെൻസെമ ഇന്നും തുടർന്ന്. അവസാന നിമിഷങ്ങളിൽ ബെൻസെമ ഒരിക്കൽ കൂടി ഗോൾ നേടിയെങ്കിലും ഓഫ് സൈഡ് ആയി. തോൽവി വഴങ്ങിയെങ്കിലും ഗോൾ വ്യത്യാസത്തിൽ അത്ലറ്റികോക്ക് മുകളിൽ റയൽ തന്നെയാണ് ഇന്നും ഒന്നാമത്. സീസണിലെ രണ്ടാം ജയത്തോടെ എസ്പന്യോൾ ലീഗിൽ പന്ത്രണ്ടാം സ്ഥാനത്തേക്ക് കയറി.

Previous articleപകരക്കാരിലൂടെ രണ്ടു ഗോൾ തിരിച്ചടിച്ചു ലെസ്റ്ററിന് എതിരെ സമനില പിടിച്ചു വിയേരയുടെ പാലസ്
Next articleഇതു പോലുള്ള മത്സരങ്ങൾ വേണം, ഒപ്പത്തിനൊപ്പം പോരാടി കിടിലൻ മത്സരം തന്ന് ഇംഗ്ലണ്ടിലെ വമ്പൻ ക്ലബുകൾ