സ്പാനിഷ് ലാ ലീഗയിൽ അവസാന സ്ഥാനക്കാരായ ലെവാന്റെയെ 4-2 നു തകർത്തു തങ്ങളുടെ മൂന്നാം സ്ഥാനം നിലനിർത്തി റയൽ ബെറ്റിസ്. ഇരട്ട ഗോളുകളും ആയി മിന്നും പ്രകടനം പുറത്ത് എടുത്ത നബീൽ ഫെക്കിറിന്റെ മികവിൽ ആയിരുന്നു ബെറ്റിസ് ജയം. പതിനാലാം മിനിറ്റിൽ വില്യം കാർവാൽഹോയുടെ പാസിൽ നിന്നു ബോക്സിന് പുറത്ത് നിന്ന് ഉഗ്രൻ ഒരു അടിയിലൂടെയാണ് ഫെക്കിർ തന്റെ ആദ്യ ഗോൾ നേടിയത്. 29 മത്തെ മിനിറ്റിൽ ഗോൺസാലസിലൂടെ ബെറ്റിസ് രണ്ടാം ഗോളും നേടി. 42 മത്തെ മിനിറ്റിൽ ക്രിസ്റ്റിയൻ ടെല്ലോയുടെ പാസിൽ നിന്നു വില്യം കാർവാൽഹോ ബെറ്റിസിന് മൂന്നാം ഗോളും സമ്മാനിച്ചു.
എന്നാൽ തൊട്ടടുത്ത നിമിഷം ഡാനി ഗോമസിലൂടെ ലെവാന്റെ ഒരു ഗോൾ മടക്കി. രണ്ടാം പകുതി തുടങ്ങിയ ഉടനെ തന്നെ ഒരു ഗോൾ കൂടി നേടിയ ഡാനി ഗോമസ് ലെവാന്റെക്ക് പ്രതീക്ഷ നൽകി. എന്നാൽ 49 മത്തെ മിനിറ്റിൽ ഒരു ഉഗ്രൻ ഫ്രീകിക്കിലൂടെ തന്റെ രണ്ടാം ഗോൾ നേടിയ നബീൽ ഫെക്കിർ ബെറ്റിസിന് നാലാം ഗോളും സമ്മാനിച്ചു. ബെറ്റിസിന്റെ ആധിപത്യം കണ്ട മത്സരത്തിൽ 74 മത്തെ മിനിറ്റിൽ റോബർട്ടോ സോൾഡാഡോ ചുവപ്പ് കാർഡ് കൂടി കണ്ടതോടെ ലെവാന്റെ പോരാട്ടം അവസാനിച്ചു. അത്ലറ്റികോ മാഡ്രിഡ്, ബാഴ്സലോണ ടീമുകൾക്ക് മുകളിൽ ലീഗിൽ മൂന്നാം സ്ഥാനത്ത് ഇപ്പോഴും തുടരുന്ന ബെറ്റിസ് ചാമ്പ്യൻസ് ലീഗ് യോഗ്യത തന്നെയാണ് ഇത്തവണ ലക്ഷ്യം വക്കുന്നത്.