ലാ ലീഗയിൽ വീണ്ടും റെക്കോർഡ് ഇട്ട് ബാഴ്‌സയുടെ അൻസു ഫാത്തി

Wasim Akram

ലാ ലീഗയിൽ വീണ്ടും റെക്കോർഡ് ഇട്ട് ബാഴ്‌സലോണയുടെ യുവതാരം അൻസു ഫാത്തി. ഇന്നലെ നടന്ന ലാ ലീഗ മത്സരത്തിൽ ലവാന്റെക്ക് എതിരെയാണ് ഫാത്തി പുതിയ റെക്കോർഡ് കുറിച്ചത്. ഇരട്ടഗോളുകളും ആയി മത്സരത്തിൽ ബാഴ്‌സയെ ജയത്തിലേക്ക് നയിച്ച ഫാത്തി ഇതോടെ സ്പാനിഷ് ലാ ലീഗ ചരിത്രത്തിൽ ഒരു മത്സരത്തിൽ ഇരട്ടഗോളുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ആയി. ഇപ്പോൾ വെറും 17 വയസ്സും 92 ദിവസവും ആണ് ഫാത്തിയുടെ പ്രായം.

മുമ്പ് ഓഗസ്റ്റ് 31 നു ഓഷാഷുനക്ക് എതിരെ ഗോൾ കണ്ടത്തിയ ഫാത്തി ബാഴ്‌സക്ക് ആയി ലീഗ് മത്സരത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ആയിരുന്നു. ഗിനിയൻ, സ്പാനിഷ് ഇരട്ട പൗരത്വം ഉള്ള താരമാണ് 2002 ൽ ജനിച്ച ഫാത്തി. ലെവാന്റെക്ക് എതിരെ ഫാത്തിയുടെ രണ്ട് ഗോളുകൾക്കും ബാഴ്‍സ നായകൻ ലയണൽ മെസ്സി ആണ് വഴി ഒരുക്കിയത്. മത്സരത്തിൽ 2-1 എന്ന സ്കോറിന് ആയിരുന്നു ബാഴ്‌സയുടെ ജയം. നിലവിൽ കിരീടപോരാട്ടത്തിൽ റയലിന് പിറകിൽ രണ്ടാം സ്ഥാനത്ത് ആണ് ബാഴ്‍സ.