എട്ടു വർഷത്തോളമായി റയൽ മാഡ്രിഡിന്റെ മധ്യനിരയുടെ താളമാണ് ടോണി ക്രൂസ്. ചാമ്പ്യൻസ് ലീഗിൽ ഹാട്രിക് കിരീടം അടക്കം നേടിയ മാഡ്രിഡിന്റെ ഇതിഹാസ ടീമിന്റെ മത്സരഗതി കഴിഞ്ഞ കാലങ്ങളിൽ നിർണയിച്ചിരുന്നത് ക്രൂസും മോഡ്രിച്ചും ചേർന്ന കൂട്ടുകെട്ട് ആയിരുന്നു. മാഡ്രിഡിന് ശേഷം മറ്റൊരു ക്ലബ്ബ് തന്റെ കരിയറിൽ ഉണ്ടാവില്ല എന്നും അടുത്തിടെ താരം പ്രഖ്യാപിച്ചിരുന്നു. ഈ സീസണോടെ ക്രൂസിന്റെ കരാർ അവസാനിക്കാൻ ഇരിക്കുകയാണ്. അതേ സമയം താരത്തിന് പുതിയ കരാർ നൽകാൻ റയൽ മാഡ്രിഡ് സന്നദ്ധരാണെന്ന് ഫാബ്രിസിയോ റൊമാനൊ റിപ്പോർട്ട് ചെയ്തു.
വാൽവേർടെയും ചൗമേനിയും കമാവിംഗയും എത്തിയതോടെ കൃത്യമായി തലമുറ മാറ്റത്തിനാണ് റയൽ സാക്ഷ്യം വഹിക്കുന്നത്. ഈ സാഹചര്യത്തിൽ ക്രൂസിന് ഒരു സീസൺ കൂടി ടീമിൽ തുടരാൻ സാധിക്കുമോ എന്നാണ് റയൽ ഉറ്റുനോക്കുന്നത്. ക്രൂസ് താൽപര്യം പ്രകടിപ്പിക്കുന്ന പക്ഷം റയൽ പുതിയ കരാർ നൽകും. എന്നാൽ താരം അടുത്ത വർഷം തുടക്കത്തിൽ മാത്രമേ ഭാവി സംബന്ധിച്ച് തീരുമാനം എടുക്കൂ എന്നാണ് സൂചന.