ബാഴ്‌സലോണയിലെ തന്റെ സമയത്തെ കുറിച്ച് സംസാരിച്ച് റൊണാൾഡ് കോമാൻ. ഒരഭിമുഖത്തിലാണ് ക്ലബ്ബിൽ തന്റെ ദുർഘടമായ കാലത്തെ കുറിച്ച് അദ്ദേഹം അഭിപ്രായം രേഖപ്പെടുത്തിയത്. ബാഴ്‌സയിൽ തനിക്ക് നേരെ ഉയർന്ന ആരോപണം ഏതൊരു കോച്ചിന് നേരെയും ഉയർന്നേക്കാം എന്നും, എന്നാൽ തനിക്ക് സംശയങ്ങൾ ഉയർന്നതാണ് കൂടുതൽ വേദനിപ്പിച്ചത് എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. “ക്ലബ്ബിൽ നിന്നും കൂടുതൽ പിന്തുണ താൻ ആർഹിച്ചിരുന്നു, തന്റെ കുടുംബത്തിനും ഇത് ബുദ്ധിമുട്ട് ഉണ്ടാക്കി. അതാണ് തന്നെ വേദനിപ്പിച്ചത്”. കോമാൻ പറഞ്ഞു. മെസ്സി ടീമിനായി സാധ്യമായതെല്ലാം ചെയ്തു എന്നും, എന്നാൽ അർഹിച്ച രീതിയിൽ അല്ല അദ്ദേഹം ടീം വിട്ടത് എന്നും കോമാൻ കൂട്ടിച്ചേർത്തു.
പെഡ്രി, ഗവി തുടങ്ങിയ യുവതാരങ്ങൾ കുറിച്ച് കോമാൻ സംസാരിച്ചു. “അയാക്സിലും താൻ ഒരുപാട് യുവതാരങ്ങൾക്ക് അവസരം നൽകിയിരുന്നു, അത് തന്നെയാണ് ബാഴ്‌സയിലും സംഭവിച്ചത്” കോമാൻ തുടർന്നു, “ആദ്യമായി ടീമിൽ എത്തിയപ്പോൾ തനിക്ക് പെഡ്രിയെ അറിയില്ലായിരുന്നു. എന്നാൽ ആദ്യത്തെ പരിശീലന സെഷനോടെ തന്നെ അവൻ കഴിവ് തെളിയിച്ചു. എപ്പോഴും ഇത്ര കഠിനമായ രീതിയിൽ ഗ്രൗണ്ടിൽ കളിക്കരുത് എന്ന് ഗവിയോട് താൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അനുഭവസമ്പന്നനായ ഒരു എതിരാളിക്ക് അനായസം ഇത് വഴി മഞ്ഞ കാർഡ് ഗവിക്ക് നേടിക്കൊടുക്കാൻ ആവും. പെഡ്രി, ഗവി, അരഹുവോ, ബാൾടേ തുടങ്ങിയ താരങ്ങൾ തിളങ്ങുന്നതിൽ തനിക്ക് സന്തോഷമുണ്ട്”. ടീം നിലവിൽ പുറത്തെടുക്കുന്ന പ്രതിരോധത്തിലെ മികച്ച പ്രകടനത്തെയും കോമാൻ അഭിനന്ദിച്ചു. താൻ മൂന്ന് സെന്റർ ബാക്കുകളെ വെച്ചു കളിച്ചപ്പോൾ തനിക്ക് നേരെ വിമർശനം ഉയർന്നു, എന്നാൽ എതിർ ടീം തങ്ങൾക്ക് മേൽ മേധാവിത്വം പുലർത്തുമ്പോൾ പ്രതിരോധമാണ് ഏറ്റവും നല്ല മാർഗം എന്ന് ഇപ്പോൾ ആരാധകർ അടക്കം തിരിച്ചറിയുന്നുണ്ടെന്നും കോമാൻ ചൂണ്ടിക്കാണിച്ചു. അർജന്റീനയും നേതാർലന്റ്സും ലോകകപ്പിനിടയിൽ ഉരസിയതിനെ കുറിച്ച് ചോദിച്ചപ്പോൾ അതെല്ലാം മത്സരത്തിൽ സ്വാഭാവികമാണെന്ന് കോമാൻ പറഞ്ഞു.