വിവാദങ്ങൾക്കും ഒരുപാട് മാറ്റങ്ങൾക്കും ശേഷം ബാഴ്സലോണ ഇന്ന് അവരുടെ ആദ്യ മത്സരത്തിന് ഇറങ്ങുകയാണ്. സീസണിലെ ആദ്യ മത്സരത്തിൽ ഇന്ന് വിയ്യറയലിനെ ആകും ബാഴ്സലോണ നേരിടുക. റൊണാൾഡ് കോമൻ പരിശീലകനായി എത്തിയ ശേഷം പ്രീസീസൺ മത്സരങ്ങളിൽ ബാഴ്സലോണ ഇറങ്ങിയിട്ടുണ്ട് എങ്കിലും ആദ്യമായാണ് ഒരു ഔദ്യോഗിക മത്സരത്തിന് ഇറങ്ങുന്നത്. സുവാരസ്, വിദാൽ, റാക്കിറ്റിച്, സെമെഡോ, എന്നിവരൊക്കെ ക്ലബ് വിട്ട ശേഷം ഉള്ള ആദ്യ മത്സരവുമാണ് ഇത്.
കോമന്റെ തന്ത്രങ്ങൾ എങ്ങനെ ആകും എന്നത് ഇന്ന് ആദ്യമായി ആരാധകർക്ക് കണ്ട് അറിയാൻ ആകും. പുതിയ അറ്റാക്കിംഗ് താരങ്ങളും ഡിഫൻസീവ് താരങ്ങളും എത്തിയില്ല എന്നത് ബാഴ്സലോണയുടെ ആദ്യ മത്സരത്തിൽ അവർക്ക് വിനയാകാൻ സാധ്യത ഉണ്ട്. കൗട്ടീനോ ഡെംബലെ എന്നിവർ തിരികെ എത്തുന്നു എന്നതാണ് ആശ്വാസത്തിന് ഉള്ള വക. മെസ്സിയിൽ തന്നെയാകും ഇന്നും ബാഴ്സലോണ ആരാധകരുടെ പ്രതീക്ഷ. മധ്യനിരയിൽ പ്യാനിച് അരങ്ങേറ്റം കുറിക്കാനും സാധ്യത ഉണ്ട്.
പരിക്കിന്റെ പിടിയിൽ ഉള്ള ഗോൾക്കീപ്പർ ടെർ സ്റ്റേഗൻ ഇന്ന് കളിക്കില്ല. പകരം നെറ്റോ ആകും വല കാക്കുക. ഇന്ന് രാത്രി 12.30നാണ് മത്സരം നടക്കുക.