സെവിയ്യ കോച്ച് ലോപറ്റ്യൂഗിക്ക് കാര്യങ്ങൾ കൂടുതൽ കടുപ്പമാകുന്നു. സീസണിൽ ടീം മോശം പ്രകടനം തുടരുന്നതിനിടെ കോച്ചിന് ഒരു അവസാന അവസരം നൽകാൻ തയ്യാറെടുക്കുകയാണ് സെവിയ്യ മാനേജ്‌മെന്റ്. മാഞ്ചസ്റ്റർ സിറ്റിയോടെറ്റ നാല് ഗോളിന്റെ തോൽവിക്ക് പിറകെ ലോപറ്റ്യൂഗിക്ക് നേരെ ആരാധക രോഷം തിരിഞ്ഞപ്പോൾ കഴിഞ്ഞ ദിവസം മാനേജ്‌മെന്റ് അടിയന്തര മീറ്റിങ് കൂടിയിരുന്നു. കോച്ചിനെ ഉടനെ പുറത്താക്കിയേക്കും എന്ന സൂചനകൾ ഉണ്ടായിരുന്നെങ്കിലും ഈ വാരം കൂടി കാത്തിരിക്കാൻ ആയിരുന്നു ക്ലബ്ബ് ഭാരവാഹികളുടെ തീരുമാനം.
ഇതിടെ അടുത്ത മത്സരം ലോപറ്റ്യൂഗിക്ക് അതി നിർണായകമായിരിക്കുകയാണ്. അതും കരുത്തരായ എസ്പാന്യോളിനെതിരെ അവരുടെ തട്ടകത്തിൽ വെച്ചു തന്നെ ആണെന്നുള്ളത് വീണ്ടും സമ്മർദ്ദമേറ്റും. നാല് മത്സരങ്ങൾ ലീഗിൽ പിന്നിട്ടപ്പോൾ ഒറ്റ വിജയം പോലും നേടിയിട്ടില്ല. മാത്രവുമല്ല മൂന്ന് തോൽവികളാണ് നേരിട്ടത്. ഒരേയൊരു സമനിലയും. ഇതിൽ തന്നെ ദുർബലരായ അൽമേരിയ, വല്ലഡോളിഡ് തുടങ്ങിയവരോടും കൂടി തോൽവി ഏറ്റു വാങ്ങിയത് ആരാധകരെ കുറച്ചൊന്നുമല്ല ചോദിപ്പിക്കുന്നത്. അതേ സമയം എസ്പാന്യോളും അത്ര നല്ല ഫോമിൽ അല്ല എന്നുള്ളത് മാത്രമാണ് ലോപറ്റ്യൂഗിക്ക് ചെറുതായിട്ടെങ്കിലും ആശ്വാസം നൽകുന്ന കാര്യം. ഒരേയൊരു വിജയം മാത്രമാണ് അവരുടെ അക്കൗണ്ടിൽ ഉള്ളത്.