റയൽ മാഡ്രിഡിന് ലാലിഗയിലെ രണ്ടാം മത്സരത്തിലും വിജയം. ഇന്ന് അൽമേരിയയെ എവേ മത്സരത്തിൽ നേരിട്ട റയൽ മാഡ്രിഡ് തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ചാണ് 3-1ന്റെ വിജയം നേടിയത്. രണ്ടു ഗോളുകളും ഒരു അസിസ്റ്റുമായി ജൂഡ് ബെല്ലിങ്ഹാം ഇന്ന് റയൽ മാഡ്രിഡിന്റെ വിജയ ശില്പിയായി.
ഇന്ന് കളി ആരംഭിച്ച് മൂന്നാം മിനുട്ടിൽ തന്നെ അരിബാസിലൂടെ അൽമേരിയ ലീഡ് എടുത്തു. റയൽ മാഡ്രിഡ് ആ ഗോളിൽ സമ്മർദ്ദത്തിൽ പെടാതെ പൊരുതി 19ആം മിനുട്ടിൽ സമനില നേടി. ജൂഡ് പന്ത് നിയന്ത്രണത്തിലാക്കി ക്ലോസ് റേഞ്ചിൽ നിന്ന് ഗോൾ നേടുകയായിരുന്നു. സ്കോർ 1-1.
രണ്ടാം പകുതിയിൽ 60ആം മിനുട്ടിൽ ജൂഡ് തന്നെ റയലിന്റെ രണ്ടാം ഗോളും നേടി. ക്രൂസിന്റെ പാസിൽ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു ജൂഡിന്റെ രണ്ടാം ഗോൾ. രണ്ട് മത്സരങ്ങളിൽ നിന്നായി റയലിനായി മൂന്ന് ഗോളുകൾ ജൂഡ് ഇതോടെ നേടി.
മത്സരത്തിന്റെ 73ആം മിനുട്ടിൽ റയൽ മൂന്നാം ഗോളും കണ്ടെത്തി വിജയം ഉറപ്പിച്ചു. ജൂഡിന്റെ പാസിൽ നിന്ന് ഒരു മനോഹര ഫിനിഷിലൂടെ വിനീഷ്യസ് ജൂനിയർ അണ് മൂന്നാം ഗോൾ നേടിയത്. വിനീഷ്യസിന്റെ സീസണിലെ ആദ്യ ഗോളാണിത്. രണ്ട് മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി റയൽ മാഡ്രിഡ് ലീഗിൽ ഒന്നാമത് നിൽക്കുകയാണ്.