ജൂഡ് ബെല്ലിങ്ഹാം ഇനി റയൽ മാഡ്രിഡിനൊപ്പം. ഇംഗ്ലീഷ് യുവതാരത്തിന്റെ സൈനിംഗ് പൂർത്തിയാക്കിയതായി റയൽ മാഡ്രിഡ് പ്രഖ്യാപിച്ചു. ജൂഡ് 100 മില്യണിൽ കൂടുതൽ വരുന്ന ട്രാൻസ്ഫർ തുകയ്ക്ക് ആണ് ഡോർട്മുണ്ടിൽ നിന്ന് റയലിലേക്ക് എത്തുന്നത്. നാളെ താരത്തിന്റെ പ്രസന്റേഷൻ ബെർണബയുവിൽ നടക്കും എന്നും ക്ലബ് അറിയിച്ചു.
നേരത്തെ ഇംഗ്ലീഷ് താരത്തിന് വേണ്ടി പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂൾ രംഗത്ത് ഉണ്ടായിരുന്നെങ്കിലും മാഡ്രിഡ് മാത്രമായിരുന്നു താരത്തിന്റെ താല്പര്യം. 2029 വരെയുള്ള കരാറിൽ ആവും ജൂഡ് ഒപ്പുവെക്കുക. ക്രൂസ്, മോഡ്രിച്ച്, എന്നിവർ കരിയറിന്റെ അവസാനത്തിൽ എത്തുമ്പോഴേക്ക് മധ്യനിരയിൽ അടുത്ത ഒന്നര ദശകത്തോളം കളിക്കാൻ ആകുന്ന മഹാ പ്രതിഭകളെ റയൽ മാഡ്രിഡ് എത്തിച്ചു കഴിഞ്ഞു എന്നത് ആരാധകർക്ക് സന്തോഷം നൽകും. വാൽവെർദെ, ചൗമെനി, കമവിംഗ്, ബ്രാഹിം ഡിയസ് എന്നീ യുവ പ്രതിഭകൾ ഇപ്പോൾ തന്നെ റയൽ മധ്യനിരയിൽ ഉണ്ട്. ഇവർക്ക് ഒപ്പം ജൂഡ് കൂടെ എത്തുമ്പോൾ റയൽ മാഡ്രിഡിന്റെ ഭാവി സുരക്ഷിതമാകും.
19കാരനായ താരം അവസാന മൂന്ന് വർഷമായി ഡോർട്മുണ്ടിനൊപ്പം ആയിരുന്നു. അതിനു മുമ്പ് ബർമിങ്ഹാം സിറ്റിയിൽ ആയിരുന്നു ജൂഡ് കളിച്ചത്.2010 മുതൽ താരം ബർമിങ്ഹാമിലായിരുന്നു.