ഗ്രനാഡക്കെതിരെ സമനിലയിൽ കുരുങ്ങിയതിന് പിറകെ ബാഴ്‌സക്ക് വീണ്ടും തിരിച്ചടി നൽകി പരിക്കിന്റെ വാർത്തകൾ. ജൂൾസ് കുണ്ടെയാണ് പുതുതായി പരിക്കിന്റെ പട്ടികയിൽ ഉൾപ്പെട്ട താരം. ഗ്രനാഡക്കെതിരെ മത്സരത്തിനിടയിൽ താരം തിരിച്ചു കയറിയിരുന്നു. ഇടത് കാൽമുട്ടിൽ മീഡിയൽ ലാറ്ററൽ ലിഗമെന്റിനാണ് കുണ്ടേക്ക് പരിക്കേറ്റതെന്ന് ബാഴ്‌സലോണ അറിയിച്ചു. ഒരു മാസത്തോളം എങ്കിലും പൂർണമായും സുഖം പ്രാപിക്കാൻ വേണ്ടി വരും എന്നാണ് സൂചന.
ഇതോടെ ഈ മാസത്തെ ഏറ്റവും കാത്തിരിക്കുന്ന മത്സരങ്ങളിൽ ഒന്നായ എൽ ക്ലാസിക്കോയിൽ കുണ്ടേയുടെ അഭാവവും ബാഴ്‌സ നേരിടേണ്ടി വരും. നേരത്തെ പെഡ്രി, ലെവെന്റോവ്സ്കി, ഡിയോങ് റഫീഞ്ഞ തുടങ്ങി മുൻനിര താരങ്ങൾ എല്ലാം പരിക്കിന്റെ പിടിയിൽ ആയതോടെ കഴിഞ്ഞ മത്സരങ്ങളിൽ കളത്തിൽ കാര്യമായി തന്നെ ബുദ്ധിമുട്ടുന്ന സാവിക്കും സംഘത്തിനും ഈ മാസത്തെ മത്സരങ്ങളും പ്രതിസന്ധി തീർത്തേക്കും. എന്നാൽ പെഡ്രി, റാഫിഞ്ഞ എന്നിവർ രണ്ടു വാരത്തിനുള്ളിൽ തിരിച്ചു വന്നേക്കും എന്ന സൂചനകളും സ്പാനിഷ് മാധ്യമങ്ങൾ നൽകുന്നുണ്ട്. അത്ലറ്റിക് ക്ലബ്ബ്, റയൽ സോസിഡാഡ്, ചാമ്പ്യൻസ് ലീഗിൽ ശക്തർ എന്നിവർക്കെതിരെ നടക്കുന്ന മത്സരങ്ങളിൽ കുണ്ടേ ഉണ്ടാവില്ലെന്ന് ഉറപ്പായിട്ടുണ്ട്.