യനുസായിനെ സ്വന്തമാക്കാൻ സെവിയ്യ, താരം ലാ ലീഗയിൽ തന്നെ തുടർന്നേക്കും

20220830 165539

ബെൽജിയൻ താരം അദ്നാൻ യനുസായിനെ ടീമിൽ എത്തിക്കാൻ സെവിയ്യയുടെ നീക്കം. റയൽ സോസിഡാഡുമായുള്ള കരാർ അവസാനിച്ചതോടെ ഫ്രീ ഏജന്റ് ആയ താരം പുതിയ തട്ടകം തേടിക്കൊണ്ടിരിക്കുകയായിരുന്നു. താരത്തിന്റെ മുൻ കോച്ച് കൂടിയായ മോയസ് യനുസായിനെ വെസ്റ്റ്ഹാമിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നതായും കഴിഞ്ഞ ദിവസങ്ങളിൽ സൂചന ഉണ്ടായിരുന്നു. എന്നാൽ താരവുമായി സെവിയ്യ ചർച്ചകൾ നടത്തി വരുന്നതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത ദിവസം തന്നെ താരത്തെ ടീമിലേക്ക് എത്തിക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് സെവിയ്യ.

തങ്ങളുടെ വിങ്ങർ ലുകാസ് ഒകാമ്പോസിന് വേണ്ടി അയാക്സ് ശ്രമങ്ങൾ ആരംഭിച്ചതിന് പിറകെയാണ് യനുസായിനെ എത്തിക്കാൻ സെവിയ്യ ശ്രമങ്ങൾ ആരംഭിച്ചത് എന്നതും ശ്രദ്ധേയമാണ്. യുനൈറ്റഡിലേക്ക് ചേക്കേറിയ ആന്റണിക്ക് പകരക്കാരൻ ആയി അയാക്‌സ് കാണുന്ന താരമാണ് ഒകാമ്പോസ്. താരം ടീം വിടുകയാണെങ്കിൽ ഫ്രീ ഏജന്റ് ആയ യനുസായിനെ ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസങ്ങളിൽ വലിയ തലവേദന കൂടാതെ ടീമിൽ എത്തിക്കാൻ സാധിക്കും എന്നതും സെവിയ്യ പരിഗണിച്ചിരിക്കണം.

യുനൈറ്റഡിൽ നിന്നും 2016ൽ സോസിഡാഡിൽ എത്തിയ ശേഷം ടീമിനായി നൂറ്റിയിറുപത്തോളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇതോടെ ഇരുപത്തിയേഴുകാരനായ താരത്തിന് ലാ ലീഗയിൽ തന്നെ തുടരാൻ ആവും.