റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ഇസ്കോയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഒഴിഞ്ഞുമാറി പരിശീലകൻ സാന്റിയാഗോ സൊളാരി. ഇരുവരും തമ്മിൽ ശക്തമായ അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളതായി വാർത്തകൾ വന്നിരുന്നു.
സോളാരി പരിശീലകനായി എത്തിയതോടെ താരത്തിന് തീർത്തും അവസരങ്ങൾ നഷ്ടമായിരുന്നു. ഒരു മത്സരത്തിൽ പോലും ആദ്യ ഇലവനിൽ താരത്തെ കളിപ്പിക്കാൻ സോളാരി തയ്യാറായില്ല. കൂടാതെ റോമക്കെതിരെ 18 അംഗ ടീമിൽ പോലും താരത്തെ ഉൾപ്പെടുത്തിയതുമില്ല. ഇതോടെയാണ് റയൽ ഡ്രസിങ് റൂമിൽ ഇരുവർക്കും ഇടയിൽ പ്രശ്നങ്ങൾ ഉയർന്ന് വന്നതായി റിപ്പോർട്ടുകൾ വന്നത്.
ഇസ്‌കോയെ പുറത്തിരുത്തിയത് ടാക്റ്റിക്കൽ തീരുമാനം മാത്രമായിരുന്നു എന്നാണ് സോളാരി ഇതിനെ കുറിച്ചു പ്രതികരിച്ചത്. കൂടുതൽ പ്രതികരിക്കാൻ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം ഇസ്‌കോയെ അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ സ്വന്തമാക്കാൻ ചെൽസി, മാഞ്ചസ്റ്റർ സിറ്റി അടക്കമുള്ള ടീമുകൾ തയ്യാറെടുക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.