ഗോഡിൻ എന്ന അത്ലറ്റിക്കോ മാഡ്രിഡിന്റെ 32കാരൻ ഡിഫൻഡർ കളത്തിൽ ഒരു പോരാളിയാണ് എന്ന് പറയുന്നത് വെറുതെ അല്ല. ഇന്നലെ ഗോഡിന്റെ ഹീറോയിസത്തിന് വീണ്ടും ഫുട്ബോൾ ലോകം സാക്ഷിയായി. അത്ലറ്റിക്കോ ബിൽബാവോക്ക് എതിരായ മത്സരത്തിൽ ഇന്നലെ അത്ലറ്റിക്കോ മാഡ്രിഡ് പലപ്പോഴും പതറി. 80ആം മിനുട്ട് വരെ കളി 2-1 എന്ന സ്കോറിന് ബിൽബാവോ ആയിരുന്നു മുന്നിൽ. 80ആം മിനുട്ടിൽ അത്ലറ്റിക്കോ മാഡ്രിഡിന്റെ സമനില ഗോൾ വന്നു. പക്ഷെ ആ ഗോളിനിടയിൽ അത്ലറ്റിക്കോ മാഡ്രിഡിന്റെ ഡിഫൻഡറായ ഗോഡിന് പരിക്കേറ്റു.
നേരെ നടക്കാൻ പോലും കഴിയാതെ ഗോഡിൻ കഷ്ടപ്പെട്ടു. അത്ലറ്റിക്കോ മാഡ്രിഡ് ആകട്ടെ മൂന്ന് സബ്സ്റ്റിട്യൂഷനും അപ്പോഴേക്ക് ഉപയോഗിച്ച് കഴിഞ്ഞിരുന്നു. താരത്തിനോട് കളം വിടാൻ ഡോക്ടർമാർ നിർദേശിച്ചു എങ്കിലും ഗോഡിൻ കൂട്ടാക്കിയില്ല. നടക്കാൻ കഴിയാത്ത ഗോഡിനോട് സ്ട്രൈക്കറായി കളിക്കാൻ പരിശീലകൻ സിമിയോണി ആവശ്യപ്പെട്ടു. സ്ട്രൈക്കർമാരുടെ കൂടെ തന്നെ ഗോഡിൻ നിന്നു.
അതിന് 91ആം മിനുട്ടിൽ ഫലവും കണ്ടു. ഒരു സെറ്റ് പ്ലേയിൽ നിന്ന് തന്റെ നേരെ വന്ന പന്ത് ഗോഡിന് വലയിൽ എത്തിച്ചു. അത്ലറ്റിക്കോ മാഡ്രിഡിന് ജയവും മൂന്ന് പോയന്റും ആ ഗോഡിൻ ഗോൾ ഉറപ്പിച്ചു. ആ ഗോൾ ആഹ്ലാദിക്കാൻ പോലും മുടന്തിക്കൊണ്ട് ആയിരുന്നു ഗോഡിൻ പോയത്. ക്യാപ്റ്റന്റെ ആത്മാർത്ഥതയ്ക്ക് മുന്നിൽ സ്റ്റേഡിയമാകെ എഴുന്നേറ്റു നിന്നു കയ്യടിച്ചു.
ഇന്നലെ പരിക്കുമായി കളിച്ചത് ഗോഡിന്റെ പരിക്ക് വലുതാക്കാനും സാധ്യതയുണ്ട്. രണ്ടാഴ്ചയോളം ഗോഡിൻ എന്തായാലും കളിക്കില്ല എന്ന് ക്ലബ് അറിയിച്ചിട്ടുണ്ട്. ഉറുഗ്വേയുടെ സൗഹൃദ മത്സരങ്ങളിലും ഗോഡിൻ കളിക്കില്ല.