കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പരിചയമുള്ള ടീമാണ് ജിറോണ എഫ് സി. ഈ സീസൺ തുടക്കത്തിൽ കൊച്ചിയിൽ വന്ന് പ്രീസീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഒരു ദയയും ഇല്ലാതെ തോൽപ്പിച്ചിരുന്നു. ആ ജിറോണ ഇന്ന് റയൽ മാഡ്രിഡിനെ മലർത്തിയടിച്ചു. അതും റയലിന്റെ ഹോമായ ബെർണബേയുവിൽ ചെന്ന്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച് 2-1ന്റെ ജയമാണ് ജിറോണ സ്വന്തമാക്കിയത്.
ചരിത്രത്തിൽ ആദ്യമായാണ് ജിറോണ മാഡ്രിഡിൽ വന്ന് റയലിനെ തോൽപ്പിക്കുന്നത്. അവസാന എട്ടു മത്സരങ്ങളിൽ പരാജയം അറിയാത്ത റയൽ മാഡ്രിഡ് ഇന്നും മികച്ച രീതിയിലാണ് കളി തുടങ്ങിയത്. ആദ്യ പകുതിയിൽ കസമേറോയുടെ ഗോളിൽ റയൽ മുന്നിൽ എത്തുകയും ചെയ്തു. എന്നാൽ രണ്ടാം പകുതിയിൽ കളി ആകെ മാറി. 65ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് സ്റ്റുവാനി ജിറോണയെ റയലിനൊപ്പം എത്തിച്ചു.
10 മിനുറ്റുകൾക്ക് അപ്പുറം പോർട്ടുവിലൂടെ റയലിനെ ഞെട്ടിച്ച് വിജയ ഗോളും ജിറോണ നേടി. തിരിച്ചടിക്കാൻ റയൽ ശ്രമിക്കുന്നതിനിടെ ചുവപ്പ് കണ്ട് റാമോസ് കളം വിടുക കൂടെ ചെയ്തതോടെ റയലിന്റെ കാര്യൻ തീരുമാനമായി. ഈ തോൽവി ബാഴ്സലോണക്ക് കിരീട പോരാട്ടത്തിൽ വലിയ മുൻകൈ നൽകും. റയൽ ലീഗ് ടേബിളിൽ മൂന്നാമതേക്ക് താഴ്ന്നു. രണ്ടാമതുള്ള അത്ലറ്റിക്കോ മാഡ്രിഡിനേക്കാൾ 7 പോയന്റിന്റെ ലീഡ് ഇപ്പോൾ ബാഴ്സലോണക്ക് ഉണ്ട്.