ലാലിഗ ചാമ്പ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡിന് നിരാശ നിറഞ്ഞ സമനില. ഇന്ന് അത്ലറ്റിക് ബിൽബാവോയെ നേരിട്ട സിമിയോണോയുടെ ടീം ഗോൾ രഹിത സമനിലയും ഹോം ഗ്രൗണ്ടിൽ തൃപ്തിപ്പെടേണ്ടി വന്നു. നല്ല ഗോളവസരങ്ങൾ സൃഷ്ടിക്കാൻ രണ്ടു ടീമുകൾക്കും ഇന്ന് ആയില്ല. അത്ലറ്റിക് ബിൽബാവീയ്ക്ക് ഒരു ഷോട്ട് പോലും ടാർഗറ്റിലേക്ക് തൊടുക്കാൻ ഇന്ന് ആയില്ല. ബാഴ്സലോണ വിട്ട് അത്ലറ്റിക്കോ മാഡ്രിഡിൽ എത്തിയ ഗ്രീസ്മനും ഇന്ന് നിരാശയാർന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
ഗ്രീസ്മനെ 60 മിനുട്ട് കഴിഞ്ഞപ്പോൾ പിൻവലിച്ച് സുവാരസിനെ ഇറക്കി എങ്കിലും കാര്യമുണ്ടായില്ല. കളിയുടെ 78ആം മിനുട്ടിൽ യുവതാരം ജാവോ ഫെലിക്സ് ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയതോടെ അത്ലറ്റിക്കോ മാഡ്രിഡ് 10 പേരായി ചുരുങ്ങി. ഫെലിക്സിന് കിട്ടിയ മഞ്ഞ കാർഡിൽ രോഷം കൊണ്ട് റഫറിയെ അസഭ്യം പറഞ്ഞതിന് രണ്ടാം മഞ്ഞകാർഡും വാങ്ങുക ആയിരുന്നു. ഈ സീസണിൽ ഇതുവരെ ഒരു ഗോളോ ഒരു അസിസ്റ്റോ സംഭാവന ചെയ്യാൻ ഫെലിക്സിനായിട്ടില്ല. 5 മത്സരങ്ങളിൽ നിന്ന് 11 പോയിന്റുമായി തൽക്കാലം ലീഗിൽ ഒന്നാമത് നിക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്.