അത്ലറ്റികോ മാഡ്രിഡിന്റെ കഷ്ടകാലം തുടരുന്നു, ഫെലിക്സിന് പരിക്ക്

Staff Reporter

ലാ ലീഗയിൽ റയൽ ബെറ്റിസിനെതിരെ സമനില കുടുങ്ങിയതിന് പിന്നാലെ അത്ലറ്റികോ മാഡ്രിഡിന് മറ്റൊരു തിരിച്ചടി. സൂപ്പർ താരം ജോ ഫെലിക്സിന്റെ പരിക്കാണ് ലാ ലീഗ കിരീട പോരാട്ടത്തിൽ നിർണായക മത്സരങ്ങൾക്ക് തയ്യാറെടുക്കുന്ന അത്ലറ്റികോ മാഡ്രിഡിന് തിരിച്ചടിയായത്. കഴിഞ്ഞ ദിവസം റയൽ ബെറ്റിസിനെതിരെ നടന്ന മത്സരത്തിനിടെയാണ് ഫെലിക്സിന്റെ ആംഗിളിന് പരിക്കേറ്റത്.

ഇതോടെ ഈബറിനെതിരെ അടുത്ത ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ ഫെലിക്സ് കളിക്കില്ലെന്ന് ഉറപ്പായി. എന്നാൽ ഹ്യൂസ്കക്കെതിരായ മത്സരത്തിന് താരം ടീമിൽ തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്. മത്സരത്തിൽ റയൽ ബെറ്റിസിനെതിരെ സമനില വഴങ്ങി അത്ലറ്റികോ മാഡ്രിഡിന് നിലവിൽ ലാ ലീഗ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഒരു പോയിന്റിന്റെ ലീഡ് മാത്രമാണ് ഉള്ളത്.