ലാലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡ് അവരുടെ ഏറ്റവും മികച്ച അപരാജിത റെക്കോർഡ് തുടരുന്നു. ജാവോ ഫെലിക്സ് ഹീറോ ആയ മത്സരത്തിൽ ഒസാസുനയെ ആണ് അത്ലറ്റിക്കോ മാഡ്രിഡ് തോൽപ്പിച്ചത്. ഇന്ന് വിജയിച്ചതോടെ ലീഗിൽ പരാജയം അറിയാതെ 22 മത്സരങ്ങൾ അത്ലറ്റിക്കോ മാഡ്രിഡ് പിന്നിട്ടു. പുതിയ ക്ലബ് റെക്കോർഡാണിത്. ഇന്ന് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അത്ലറ്റിക്കോ വിജയിച്ചത്.
അവസാന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ എന്ന പോലെ ഫെലിക്സ് ആണ് ഇന്ന് ഹീറോ ആയത്. ഇന്നും ഫെലിക്സ് ഇരട്ട ഗോളുകൾ നേടി. ഒരു പെനാൾട്ടി നഷ്ടപ്പെടുത്തി ഇല്ലായിരുന്നു എങ്കിൽ ഫെലിക്സ്കിന് തന്റെ ഹാട്രിക്ക് നേടാമായിരുന്നു. 43ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ആണ് ഫെലിക്സ് തന്റെ ആദ്യ ഗോൾ നേടിയത്. പക്ഷെ രണ്ടാം പകുതിയിൽ കിട്ടിയ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിക്കാൻ ഫെലിക്സിനായില്ല. എങ്കിലും 69ആം മിനുട്ടിലെ ഗോളോടെ ഫെലിക്സ് പെനാൾട്ടി നഷ്ടപ്പെടുത്തിയതിന് പരിഹാരം കണ്ടെത്തി.
88ആം മിനുട്ടിൽ ഉറുഗ്വേ താരം ടൊറേരയിലൂടെ ആയിരുന്നു അത്ലറ്റിക്കോയുടെ മൂന്നാം ഗോൾ. ഈ വിജയത്തോടെ ആറു മത്സരങ്ങളിൽ 14 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്തെത്താൻ അത്ലറ്റിക്കോ മാഡ്രിഡിന് ആയി. 16 പോയിന്റുമായി ഒന്നാമതുള്ള റയലിനെക്കാൾ ഒരു മത്സരം കുറവാണ് അത്ലറ്റിക്കോ കളിച്ചത്.