സെർജിയോ റാമോസ് സ്വന്തം വലയിൽ എത്തിച്ച സെൽഫ് ഗോൾ നിർണായക മത്സരത്തിന്റെ വിധി നിശ്ചയിച്ചപ്പോൾ ബാഴ്‌സലോണക്ക് സ്വന്തം തട്ടകത്തിൽ വീണ്ടും വിജയം. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ബാഴ്‌സ വിജയം കണ്ടെത്തുകയായിരുന്നു. ഇതോടെ താൽക്കാലികമായി ഒന്നാം സ്ഥാനത്തേക്ക് ഉയരാനും സാവിക്കും സംഘത്തിനും ആയി.
ഇരു ടീമുകൾക്കും തുടക്കം മുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചു. തുടക്കത്തിൽ തന്നെ പൊസിറ്റിന് മുൻപിൽ വെച്ചു ബാൾടെ നൽകിയ ക്രോസ് ലാമീന് നിയന്ത്രിക്കാൻ സാധിക്കാതെ പോയി. ലൂകെബാകിയോയുടെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. ഫെലിക്സിന്റെ ഷോട്ട് കീപ്പർ തടുത്തു. റാകിറ്റിച്ചിന്റെ ലോങ് റേഞ്ചർ റ്റെർ സ്റ്റഗൻ മുഴുനീള ഡൈവിങ്ങിലൂടെ തട്ടിയകറ്റി. ഇരുപതാം മിനിറ്റിൽ കാൻസലോ ഒരു മികച്ച നീക്കത്തിലൂടെ ഒരുക്കി നൽകിയ അവസരത്തിൽ ഫെലിക്സിന്റെ ഷോട്ട് പോസ്റ്റിൽ കൊണ്ടു തെറിച്ചു. ബോക്സിനുളിൽ വെച്ചു ഒകമ്പോസിന്റെ ഷോട്ട് ഗവി തടുത്തു. ഇടക്ക് റാഫിഞ്ഞ പരിക്കേറ്റ് പിന്മാറിയത് ബാഴ്‌സക്ക് തിരിച്ചടി ആയി. പകരക്കാരനായി എത്തിയ ഫെർമിൻ തകർപ്പൻ പ്രകടനമാണ് മത്സരത്തിൽ കാഴ്ച്ച വെച്ചത്. പിന്നീട് ലമീൻ മികച്ചൊരു അവസരം നൽകിയെങ്കിലും ഫെർമിന്റെ ദുർബലമായ ഷോട്ട് കീപ്പർ തടുത്തു. ഫ്രീകിക്കുകളിൽ നിന്നും മെനഞ്ഞെടുത്ത അവസരങ്ങളിൽ ഗോൾ കണ്ടെത്താനുള്ള സെവിയ്യയുടെ ശ്രമങ്ങളും ഫലം കണ്ടില്ല.
രണ്ടാം പകുതിയിലും മത്സരം മാറ്റമില്ലാതെ തുടർന്നു. ഫെർമിന്റെ മികച്ചൊരു പാസിൽ നിന്നും ലെവെന്റോവ്സ്കിയുടെ ഷോട്ട് സേവിയ്യ താരങ്ങളിൽ തട്ടി തെറിച്ചു. ഗവിയുടെ ഹെഡർ പോസ്റ്റിനിരുമി കടന്ന് പോയി. ലെവെന്റോവ്സ്കിയുടെ മറ്റൊരു ഷോട്ട് കീപ്പർ സ്ഥാനം തെറ്റി നിൽക്കെ ബാടേ ക്ലിയർ ചെയ്തു. സെവിയ്യക്ക് ലഭിച്ച മികച്ചൊരു അവസരത്തിൽ ലമേലയുടെ ഹെഡർ പോസ്റ്റിന് ഇഞ്ചുകൾ മാത്രം മാറി കടന്ന് പോയി. 76ആം മിനിറ്റിൽ മത്സരത്തിന്റെ വിധി നിശ്ചയിച്ച ഗോൾ എത്തി. ഫെറാൻ ടോറസ് നൽകിയ ക്രോസ് ലമീൻ പൊസിറ്റിന് മുന്നിലേക്കായി ഹെഡർ ചെയ്‌തു നൽകിയപ്പോൾ തടയാനുള്ള റാമോസിന്റെ ശ്രമം സ്വന്തം പോസ്റ്റിൽ അവസാനിക്കുകയായിരുന്നു. ഇതിനു മുമ്പ് മത്സരത്തിൽ ഉടനീളം മികച്ച പ്രകടനം തന്നെയാണ് സെവിയ്യയിലേക്ക് മടങ്ങി എത്തിയ റാമോസ് കാഴ്ച്ച വെച്ചത്. പിന്നീട് സുസോയുടെ മികച്ചൊരു പാസ് സ്വീകരിച്ച് കുതിച്ച ജീസസ് നവാസിന്റെ ശ്രമം പക്ഷെ കുണ്ടേ തടുത്തു. എതിർ താരത്തിൽ നിന്ന് റാഞ്ചിയെടുത്ത ബോളിൽ ഫെറാൻ അവസരം ഒരുക്കിയപ്പോൾ ലെവെന്റോവ്സ്കിയുടെ ഷോട്ട് പ്രതിരോധം തടഞ്ഞു. ഇഞ്ചുറി സമയത്തും കാര്യമായ അവസരം ഒരുക്കാൻ ഇരു ടീമുകൾക്കും സാധിക്കാതെ വന്നതോടെ ബാഴ്‌സ ജയം സ്വന്തമാക്കി.