മുൻ ആഴ്സണൽ പരിശീലകൻ ഉനായ് എമിറെ തിരികെ ലാലിഗയിൽ എത്തി. അദ്ദേഹം ലാലിഗ ക്ലബായ വിയ്യറയലുമായി കരാർ ഒപ്പുവെച്ചു. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം എത്തിയിരിക്കുകയാണ്. മൂന്ന് വർഷത്തെ കരാറിലാണ് എമിറെ വിയ്യറയലിൽ എത്തുന്നത്. തിങ്കളാഴ്ച എമിറെ തന്റെ ആദ്യ ഔദ്യോഗിക പത്രസമ്മേളനം നടത്തും എന്നും ക്ലബ് അറിയിച്ചു. വിയ്യാറയൽ പരിശീലകനായിരുന്ന യാവി കല്ലേഹ ക്ലബ് വിടുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
കല്ലേഹയുടെ കീഴിൽ ഗംഭീര പ്രകടനമായിരുന്നു വിയ്യറയൽ ഈ സീസണിൽ നടത്തിയത്. അവർ യൂറോപ്പ ലീഗ് യോഗ്യതയും നേടിയിരുന്നു. പക്ഷെ എന്നിട്ടും ക്ലബ് വിടാൻ ആണ് കല്ലെഹ തീരുമാനിച്ചത്. ആഴ്സണൽ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിഞ്ഞ ശേഷം പുതിയ അവസരങ്ങൾക്കായി കാത്തു നിൽക്കുകയായിരുന്നു എമിറെ. മുമ്പ് ലാലിഗയിൽ സെവിയ്യ, വലൻസിയ എന്നീ ക്ലബുകളെ എമിറെ പരിശീലിപ്പിച്ചിട്ടുണ്ട്. പി എസ് ജിയുടെയും കോച്ചായിട്ടുണ്ട് അദ്ദേഹം.