പരിക്കിന്റെ പിടിയിൽ ആയിരുന്ന ഓസ്മാൻ ഡെംബലെ കളത്തിലേക്കുള്ള മടങ്ങി വരവ് വൈകും. നേരത്തെ ഈ വാരത്തോടെ ഫ്രഞ്ച് താരം ടീമിലേക്ക് തിരിച്ചുമെന്ന സൂചനകൾ ഉണ്ടായിരുന്നെങ്കിലും അത്‌ലറ്റിക് ബിൽബാവോക്കെതിരായ ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ ഡെമ്പലെ ഉണ്ടാവില്ലെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പിന്നീട് നടക്കുന്ന എൽ ക്ലാസിക്കോ പോരാട്ടത്തിനും താരം ഉണ്ടാവില്ല. ഇതോടെ തുടർന്ന് വരുന്ന ഇന്റർനാഷണൽ ബ്രേക്കിന് ശേഷം മാത്രമേ മുന്നേറ്റ താരം ടീമിലേക്ക് തിരിച്ചെത്തുകയുള്ളൂ എന്നുറപ്പായി.

ജനുവരിയിൽ ജിറോണക്കെതിരായ മത്സരത്തിൽ പരിക്കേറ്റ ശേഷം പുറത്തായിരുന്നു ഡെമ്പലെ. കഴിഞ്ഞ ദിവസം നടത്തിയ മെഡിക്കൽ പരിശോധനയോടെയാണ് താരത്തിന്റെ മടങ്ങി വരവ് വൈകിപ്പിക്കാൻ ടീം തീരുമാനം എടുത്തത് എന്ന് മുണ്ടോ ഡെപ്പോർടിവോ റിപ്പോർട്ട് ചെയ്തിരുന്നു. എങ്കിലും ലെവെന്റോവ്സ്കി, പെഡ്രി തുടങ്ങിയവർ പരിക്ക് ഭേദമായി തിരിച്ചെത്തുന്നത് തുടർന്നുള്ള മത്സരങ്ങളിൽ ടീമിന് ഊർജം പകരും. ബിൽബാവോക്കെതിരെ പെഡ്രിയുടെയും സാന്നിധ്യം ഉറപ്പില്ല.














