ലാ ലീഗയെ സ്പോൺസർ ചെയ്യാൻ ഗെയിമിങ് രംഗത്തെ വമ്പന്മാരായ ഇഎ സ്പോർട്സ് എത്തുന്നു. 2023/24 സീസൺ മുതലാകും ഇഎ സ്പോർട്സ് ലാ ലീഗയുടെ ഭാഗമാകുന്നത്. നിലവിലെ സ്പോൺസർമാരായ ‘ബാങ്കോ സാന്റാണ്ടർ’ മായുള്ള ലാ ലീഗയുടെ കരാർ ഈ സീസണോടെ അവസാനിക്കുകയാണ്. ലീഗിന്റെ ആദ്യ രണ്ടു ഡിവിഷനുകളുടേയും കൂടെ സ്വന്തം പേര് ചേർക്കാൻ അർഹത നേടിയ ഇഎ സ്പോർട്സ്, ഏകദേശം മുപ്പത് മില്യണിൽ കൂടുതൽ യൂറോയോളമാണ് ഓരോ വർഷവും ലാ ലീഗക്ക് നൽകുക. അഞ്ചു വർഷത്തേക്കാണ് കരാർ. സ്പോൺസർഷിപ്പ് വഴി നിലവിൽ നേടിയെടുക്കുന്നതിന്റെ ഇരട്ടി സ്വന്തമാക്കാൻ പുതിയ കരാർ വഴി ലാ ലീഗക്കാവും.
2016 മുതൽ സ്പാനിഷ് ലീഗിനെ സ്പോൺസർ ചെയ്‌യുന്നത് ബാങ്കോ സാന്റാണ്ടർ ആണ്. 2018/19 സീസണിൽ അവസാനിച്ചിരുന്ന ആദ്യ കരാർ വീണ്ടും പുതുക്കി ലീഗിനൊടൊപ്പം സ്വന്തം പേര് ചേർക്കാനുള്ള അവകാശം നീട്ടിയെടുക്കുകയായിരുന്നു. രാജ്യത്തെ പ്രധാന ധനകാര്യ സ്ഥാപനവുമായുള്ള ബന്ധം നിർത്തുകയാണെന്ന് ലാ ലീഗ നേരത്തെ അറിയിച്ചിരുന്നു. ഇഎ സ്പോർട്സുമായുള്ള ബന്ധം വരുമാനത്തിലും ജനപ്രീതിയിലും ഒരു പോലെ ലീഗിനെ തുണക്കും ലാ ലീഗ മാനേജ്മെന്റിന്റെ പ്രതീക്ഷ. ലാ ലീഗയുടെ കൂടെ പേര് ചേർക്കുന്നതിന് അപ്പുറം ഇഎ സ്പോർട്സിന്റെ കുത്തകയായ ഡിജിറ്റൽ – ഗെയിമിങ് ലോകത്തെക്കും പരസ്പര ബന്ധം വളർത്താൻ സാധിക്കും എന്നാണ് ലീഗ മാനേജ്‌മെന്റിന്റെ കണക്ക് കൂട്ടൽ. ഇപ്പോൾ തന്നെ മൈക്രോസോഫ്റ്റുമായി ചേർന്ന് മികച്ച തത്സമയ ഗെയിം അനാലിസിസ് പ്രേക്ഷകർക്ക് നൽകുന്ന ലാ ലീഗക്ക് പുതിയൊരു മുഖം നൽകാൻ ഇഎ സ്‌പോർട്സിനാവും.
Story Highlights: EA Sports will be the main sponsor of La Liga from next year