സീസണിലെ മോശം തുടക്കത്തിന് പിറകെ പുതിയ പരിശീലകനെ എത്തിച്ച് സെവിയ്യ. മുൻ ഉറുഗ്വെ ദേശിയ ടീം പരിശീലകൻ ആയിരുന്ന ഡീഗോ അലോൺസോയെയാണ് യൂറോപ്പ ലീഗ് ചാമ്പ്യന്മാർ എത്തിച്ചിരിക്കുന്നത്. ഇതോടെ ഏകദേശം ഒരു വർഷത്തിനുള്ളിൽ ക്ലബ്ബിൽ എത്തുന്ന മൂന്നാമത്തെ പരിശീലകൻ ആണ് അലോൺസോ. സീസൺ അവസാനിക്കുന്നത് വരെയാണ് 48കാരന് കരാർ നൽകിയിരിക്കുന്നത്.
നേരത്തെ സെവിയ്യയെ യൂറോപ്പ ലീഗ് കിരീടം ഉയർത്താൻ സഹായിച്ചെങ്കിലും പുതിയ സീസണിൽ ഒട്ടും ആശാവഹമായ തുടക്കമല്ല മെന്റിലിബാറിന് ലഭിച്ചിരുന്നത്. എട്ട് മത്സരങ്ങളിൽ നിന്നും വെറും 8 പോയിന്റുമായി തരം താഴ്ത്തൽ മേഖലയിൽ നിന്നും വെറും രണ്ടു പോയിന്റ് മാത്രം അകലെയാണ് ക്ലബ്ബ്. കുറഞ്ഞ കാലമെങ്കിലും വളരെയധികം കഠിനമായിരുന്നു കഴിഞ്ഞ മാസങ്ങൾ എന്ന് മെന്റിലിബാർ തന്റെ വിടവാങ്ങൽ കുറിപ്പിൽ അറിയിച്ചു. ക്ലബ്ബിനും ആരാധകർക്കും താരണങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു. സെവിയ്യക്ക് എന്നും തന്റെ ഹൃദയതത്തിലാണ് സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.
മുൻ ഇന്റർ മയാമി പരിശീലകൻ കൂടിയായ ഡീഗോ അലോൻസോയുടെ ആദ്യ യുറോപ്യൻ വെല്ലുവിളിയാണ് സെവിയ്യ. നേരത്തെ പരാഗ്വെ, മെക്സിക്കോ തുടങ്ങിയ ലീഗുകളിൽ ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുള്ള ഇദ്ദേഹം 2019ലാണ് ഇന്റർ മയാമി പരിശീലകൻ ആവുന്നത്. പിന്നീട് 2021ൽ ഉറുഗ്വെ ദേശിയ ടീമിന്റെ ചുമതലയും ഏറ്റെടുത്തു. എന്നാൽ ലോകക്കപ്പിലെ മോശം പ്രകടനത്തിന് പിറകെ ടീം വിട്ടു. മുൻപ് താരമെന്ന നിലയിൽ വലൻസിയ, അത്ലറ്റികോ മാഡ്രിഡ്, റെസിങ് , മലാഗ തുടങ്ങിയ സ്പാനിഷ് ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്.