സാവി ബാഴ്‌സലോണയുടെ ചുമതല ഏറ്റെടുത്ത ശേഷം ടീമിനോടൊപ്പം ഏറ്റവും വലിയ മാറ്റങ്ങൾ സംഭവിച്ച ഒരു താരമാണ് ഡെംബലെ. ഇപ്പോൾ സ്പാനിഷ് മാധ്യമമായ മുണ്ടോഡിപോർടിവോക്ക് നൽകിയ ഇന്റർവ്യൂവിലാണ് താരം കോച്ചിനെ കുറിച്ചും ബാഴ്‌സലോണയെ കുറിച്ചും സംസാരിച്ചത്. ടീമിലെ സാഹചര്യങ്ങൾ തന്നെ മാറി മറിഞ്ഞെന്നും സാവിയുടെ വരവോടെ താൻ ബാഴ്‌സലോണയിലെ തന്റെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത് എന്നും താരം പറഞ്ഞു. ഇപ്പോഴാണ് താൻ ഫുട്ബോൾ ആസ്വദിക്കുന്നത്, സാവിയുമായുള്ള തന്റെ ബന്ധം തനിക്ക് ഏറ്റവും പ്രിയപ്പെട്ട ടൂഷലുമായി ഉള്ള ബന്ധം പോലെ ആണ്, താരം കൂട്ടിച്ചേർത്തു. ചാമ്പ്യൻസ് ലീഗിൽ ദുഷ്കരമായ ഗ്രൂപ്പിൽ ആണ് തങ്ങൾ, ബയേൺ കഴിഞ്ഞ സീസണുകളിൽ ബാഴ്‌സയെ തോല്പിച്ചു. പക്ഷെ ഇത്തവണ കരുത്തുറ്റ ടീം ഉള്ളത് കൊണ്ട് ബയേണിനെ കീഴടക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും ഡെംബലെ പറഞ്ഞു.
മുൻ നിരയിൽ തന്റെ പങ്കാളികൾ ആയി എത്തിയ റാഫിഞ്ഞ, ലെവെന്റോവ്സ്കി എന്നിവരെ കുറിച്ചും ഡെമ്പലെ സംസാരിച്ചു. ലെവെന്റോവ്സ്കിയെ ബയേണിലെ പ്രകടനത്തിലൂടെ തന്നെ അറിയാമായിരുന്നു. തന്റെ മുൻ ടീമായ റെന്നെക്ക് വേണ്ടി കളിക്കാൻ തുടങ്ങിയത് മുതൽ റാഫിഞ്ഞയെ താൻ ശ്രദ്ധിക്കുന്നുണ്ട്. ഇവരെ കൂടാതെ മുൻ നിരയിൽ ഫാറ്റി അടക്കം ഒരു പിടി മികച്ച താരങ്ങൾ ഉള്ളത് തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താൻ ഉപകരിക്കുമെന്ന് ഡെമ്പലെ പറഞ്ഞു.
ബാഴ്‌സയിലെ തന്റെ ആദ്യ കാലത്ത് പരിക്ക് തന്നെ വല്ലാതെ വലച്ചിരുന്നു, ടീമിലേക്ക് എത്തുന്നതിന് മുമ്പ് വളരെ കുറച്ചു കാലത്തെ പ്രൊഫഷണൽ ഫുട്ബോൾ പരിചയം മാത്രമേ തനിക്ക് ഉണ്ടായിരുന്നുള്ളൂ, പക്ഷെ ഇപ്പോൾ എല്ലാം മാറി. പരിക്കുകൾ ഒഴിവാക്കാൻ സാധിച്ചു. ഇതിന് പിച്ചിൽ മാത്രമല്ല, പിച്ചിന് പുറത്തും നിയന്ത്രണങ്ങൾ കൊണ്ടു വന്നു, താരം വെളിപ്പെടുത്തി.