സ്പാനിഷ് ലാ ലീഗയിൽ തരം താഴ്ത്തൽ ഒഴിവാക്കാനുള്ള വമ്പൻ പോരാട്ടത്തിൽ നിർണായക ജയവുമായി കാഡിസ്. വലൻസിയയെ ഒന്നിന് എതിരെ രണ്ടു ഗോളുകൾക്ക് ആണ് അവർ മറികടന്നത്. കഴിഞ്ഞ കളി ജയിച്ചു വന്ന വലൻസിയക്ക് പരാജയം വലിയ തിരിച്ചടി ആയി. വലൻസിയക്ക് നേരിയ ആധിപത്യം ഉണ്ടായിരുന്ന മത്സരത്തിൽ 39 മത്തെ മിനിറ്റിൽ റൂബൻ സോബിറിനായുടെ ക്രോസിൽ നിന്നു ഗോൺസാലോ എസ്കലാന്റോയുടെ ഹെഡറിലൂടെ കാഡിസ് ആദ്യം മുന്നിലെത്തി.
തുടർന്ന് രണ്ടാം പകുതി തുടങ്ങിയ ഉടൻ അവർ മുൻതൂക്കം ഇരട്ടിയാക്കി. അൽഫോൺസോ എസ്പിനോയുടെ പാസിൽ നിന്നു സെർജി ഗാർഡിയോള ആണ് കാഡിസിന് രണ്ടാം ഗോൾ സമ്മാനിച്ചത്. രണ്ടാം ഗോൾ വഴങ്ങി 5 മിനിറ്റിനുള്ളിൽ സാമുവൽ ലിനോയുടെ ഗോളിൽ ഒരു ഗോൾ മടക്കാൻ വലൻസിയക്ക് ആയെങ്കിലും പരാജയം ഒഴിവാക്കാൻ ആയില്ല. അവസാന നിമിഷങ്ങളിൽ വലൻസിയയുടെ കടുത്ത ആക്രമണം കാഡിസ് അതിജീവിക്കുക ആയിരുന്നു. നിലവിൽ ലീഗിൽ 6 മത്സരങ്ങൾ ബാക്കിയുള്ളപ്പോൾ കാഡിസ് 14 സ്ഥാനത്തും വലൻസിയ 17 സ്ഥാനത്തും ആണ്. തരം താഴ്ത്തൽ ഒഴിവാക്കാൻ 33 പോയിന്റുകൾ നിലവിൽ ഉള്ള വലൻസിയക്ക് ഇനി 2 ജയം എങ്കിലും ഉറപ്പാക്കേണ്ടത് ഉണ്ട്.