ഒടുവിൽ നീണ്ട പതിനഞ്ച് വർഷത്തെ സേവനത്തിന് ശേഷം സെർജിയോ ബുസ്ക്വറ്റ്സ് ബാഴ്‌സലോണ വിട്ടേക്കും. കഴിഞ്ഞ സീസൺ മുതൽ ഉയരുന്ന ട്രാൻസ്ഫർ അഭ്യൂഹം ഇത്തവണ ശക്തമാക്കി കൊണ്ട് സ്പാനിഷ് മാധ്യമമായ മാർകയാണ് ഇപ്പോൾ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാസങ്ങളായി ടീമിന്റെ പുതിയ കരാർ മുന്നിലുണ്ടായിട്ടും ഒപ്പുവെക്കാതിരുന്ന സെർജിയോ ബുസ്ക്വറ്റ്സ് കഴിഞ്ഞ ദിവസങ്ങളിലെ അവധിക്ക് ശേഷം തന്റെ ഭാവിയെക്കുറിച്ച് ഉറച്ച തീരുമാനം എടുത്തിട്ടാണ് ടീമിന്റെ പരിശീലനത്തിന് തിരിച്ചെത്തിയത് എന്നും സാവിയെയും ടീമിനെയും ഈ കാര്യം ബോധ്യപ്പെടുത്തിയതായും റിപോർട്ടിൽ പറയുന്നു. ഇതോടെ ജൂൺ 30 ഓടെ താരം ബാഴ്‌സലോണ ജേഴ്‌സി ഔദ്യോഗികമായി അഴിച്ചു വെക്കും.
ബാഴ്‌സയും താരത്തിന്റെ വിടവാങ്ങലിനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി സൂചനകൾ ഉണ്ട്. അതേ സമയം എസ്പാന്യോളിനെ കീഴടക്കി ലാ ലീഗ കിരീടം ഉറപ്പിച്ച ശേഷം മാത്രമേ ടീം ബുസ്ക്വറ്റ്സിന്റെ യാത്രയയപ്പ് ഔദ്യോഗികമായി പ്രഖ്യാപിക്കാൻ സാധ്യത ഉള്ളൂ. കഴിഞ്ഞ സീസൺ മുതൽ തന്നെ താരം ടീം വിട്ടേക്കും എന്ന സൂചനകൾ ഉണ്ടായിരുന്നു. എംഎൽഎസ്സിൽ നിന്നും ഓഫറുകളും എത്തിയിരുന്നു. എന്നാൽ സാവിയുടെ നിർബന്ധത്തിൽ വീണ്ടും ടീമിൽ തുടരാനുള്ള തീരുമാനം ബുസ്ക്വറ്റ്സ് എടുത്തു. ഇത്തവണ സൗദിയിൽ നിന്നും മികച്ച ഓഫർ താരത്തിന് വേണ്ടി കാത്തിരിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ശിഷ്ടകാലം ഏഷ്യയിൽ പന്ത് തട്ടിയാലും അത്ഭുതപ്പെടാൻ ഇല്ല. ഇതോടെ ലാ ലീഗ കിരീടം നേടി തന്നെ ടീമിനോട് വിടവാങ്ങാൻ താരത്തിനും സാധിക്കും.
Download the Fanport app now!