ലാ ലീഗയിൽ പൊരുതി ജയിച്ച് റയൽ മാഡ്രിഡ്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് വെസ്‌കയെ പരാജയപ്പെടുത്തിയത്. കളിയുടെ അവസാന മിനിറ്റുകളിൽ പിറന്ന കരീം ബെൻസിമയുടെ ഗോളാണ് റയൽ മാഡ്രിഡിന് ജയം നേടിക്കൊടുത്തത്. റയലിന് വേണ്ടി ഇസ്‌കോ ഡാനി കബയോസ്എന്നിവരും ഗോളടിച്ചു. വെസ്ക്യ്ക്ക് വേണ്ടി ഹുവാൻ ഹെർണാണ്ടസ്, സാബിയർ എക്സിയേറ്റ, എന്നിവരും ഗോളടിച്ചു.
സിനദിൻ സിദാന്റെ രണ്ടാം മത്സരത്തിൽ നാണം കെട്ട സമനില വഴങ്ങേണ്ടി വന്നേനെ റയൽ മാഡ്രിഡ്. എന്നാൽ ബെൻസിമയുടെ 89 മിനുട്ടിലെ ഗോളാണ് റയലിന് തുണയായത്. സാന്റിയാഗോ ബെര്ണാബ്യുവിനെ ഞെട്ടിച്ച് കളിയുടെ മൂന്നാം മിനുട്ടിൽ കൊളംബിയൻ താരം ഹുവാൻ ഹെർണാണ്ടസ് വെസ്‌ക്കയുടെ ആദ്യ ഗോളടിച്ചു. 25 ആം മിനുട്ടിൽ ഇസ്‌കോയിലൂടെ സമനില നേടിയെങ്കിലും പ്രതിരോധത്തിലെ പിഴവുകൾ റയലിന് തലവേദനയായി.
രണ്ടാം പകുതിയിൽ ദാനിയിലൂടെ റയൽ ലീഡ് നേടിയെങ്കിലും വെസ്ക്യ്ക്ക് വേണ്ടി ഒരു ഹെഡ്ഡറിലൂടെ സാബിയർ എക്സിയേറ്റ സമനില നേടി. വരാൻ, മോഡ്രിച്,ക്രൂസ്, നവാസ് എന്നിവരില്ലാതെയാണ് റയൽ കളി ആരംഭിച്ചത്. ലൂക്ക സിദാനാണ് റയലിന്റെ വലകാത്തത്. 9 മത്സരങ്ങൾ ബാക്കി നിൽക്കെ റയൽ മാഡ്രിഡിന് 12 പിന്നിലായി മൂന്നാം സ്ഥാനത്താണ് റയൽ മാഡ്രിഡ്.