ഹാട്രിക്കുമായി കരീം ബെൻസിമ തിളങ്ങിയ മത്സരത്തിൽ വല്ലഡോലിഡിനെ എതിരില്ലാത്ത ആറു ഗോളുകൾക്ക് തകർത്ത് റയൽ മാഡ്രിഡ്. ബെർണബ്യുവിൽ റോഡ്രിഗോ അസെൻസിയോ വാസ്ക്വസ് എന്നിവരും വല കുലുക്കി. ഇതോടെ ബാഴ്‌സയുമായുള്ള അകലം വീണ്ടും 12 പോയിന്റ് ആക്കി നിലനിർത്താൻ മാഡ്രിഡിനായി. വല്ലഡോലിഡ് പതിനാറാമത് തുടരുകയാണ്.
പതിവിൽ നിന്നും വ്യത്യസ്തമായാണ് ആൻസലോട്ടി ടീമിനെ ഒരുക്കിയത്. ചൗമേനിയും ക്രൂസും ചേർന്ന മധ്യനിരക്ക് മുന്നിൽ വിനിഷ്യസും റോഡ്രിഗോയും അസെൻസിയോയും ബെൻസിമക്ക് തുണയായി എത്തി.ആദ്യ നിമിഷങ്ങളിൽ വല്ലഡോലിഡിന് മാഡ്രിഡിനെതിരെ ചില മുന്നേറ്റങ്ങൾ നെയ്തെടുക്കാൻ സാധിച്ചു. ക്രൂസിന്റെ പാസിൽ ചൗമേനിയുടെ ഹെഡർ അവസരം പാഴായി. റോക്വ മെസയുടെ ഷോട്ട് റയൽ പോസ്റ്റിൽ ഇടിച്ചു മടങ്ങി. 22ആം മിനിറ്റിൽ ആദ്യ ഗോൾ എത്തി. അസെൻസിയോ നൽകിയ പാസുമായി ബോക്സിലേക്ക് കുതിച്ച റോഡ്രിഗോ ആണ് വല കുലുക്കിയത്. 29ആം മിനിൽ ബെൻസിമ രണ്ടാം ഗോൾ കണ്ടെത്തി. ഇടത് വിങ്ങിൽ നിന്നും ഓടിക്കയറിയ വിനിഷ്യസ് പൊസിറ്റിന് നേരെ നൽകിയ ക്രോസ് നിലം പറ്റെ ഡൈവിങ് ഹെഡർ ഉതിർത്താണ് ബെൻസിമ തന്റെ ആദ്യ ഗോൾ നേടിയത്. പിന്നീട് ഏഴു മിനിറ്റിനുള്ളിൽ താരം ഹാട്രിക് തികക്കുന്നതിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 32ആം മിനിറ്റിൽ വിനിഷ്യസിന്റെ പാസ് സ്വീകരിച്ച് എതിർ പ്രതിരോധത്തെ മറികടന്ന് ബോക്സിന് പുറത്തു നിന്നും ബെൻസിമ വല കുലുക്കി. 34ആം മിനിറ്റി ബോസ്‌കിനുള്ളിൽ നിന്നും റോഡ്രിഗോ നൽകിയ ക്രോസ് ആക്രോബാറ്റിക് ഫിനിഷിങ്ങിലൂടെ വലയിൽ എത്തിച്ച് താരം ഹാട്രിക്ക് തികക്കുകയായിരുന്നു.
രണ്ടാം പകുതിയിലും റയൽ ആക്രമണം തുടർന്നു. റോഡ്രിഗോയുടെ ഷോട്ട് പോസ്റ്റിൽ ഇടിച്ചു. 73ആം മിനിറ്റിൽ അസെൻസിയോ റയലിന്റെ അഞ്ചാം ഗോൾ നേടി. ഇഞ്ചുറി ടൈമിൽ ലൂക്കസ് വാസ്ക്വസ് പട്ടിക തികച്ചു. വിജയം ഉറപ്പിച്ച റയൽ പകരക്കാർക്ക് അവസരം നൽകി. വലിയ ഒരിടവേളയ്ക്ക് ശേഷം ഏഡൻ ഹാസർഡ് കളത്തിൽ ഇറങ്ങുന്നതിനും മത്സരം സാക്ഷ്യം വഹിച്ചു. വമ്പൻ ജയം അടുത്ത മത്സരത്തിൽ കോപ്പ ഡെൽ റേ സെമി ഫൈനൽ രണ്ടാം പാദത്തിൽ ബാഴ്‌സയെ നേരിടാൻ ഇറങ്ങുന്ന ടീമിന് വലിയ ആത്മവിശ്വാസം നൽകും. മുൻ നിര ഒന്നാകെ ഫോമിലേക്ക് ഉയർന്നത് റയലിന് ഊർജം നൽകും.