മാഡ്രിഡ്, ഒക്ടോബർ 26 – സാൻ്റിയാഗോ ബെർണാബ്യൂവിൽ ഇന്ന് കണ്ടത്റ വേറെ ലെവൽ ബാഴ്സലോണയെ ആയിരുന്നു. റയൽ മാഡ്രിഡിനെതിരെ അവരുടെ തട്ടകത്തിൽ വന്ന് ബാഴ്സലോണ തകർത്തു. എതിരില്ലാത്ത നാലു ഗോളുകൾക്ക് ആയിരുന്നു ബാഴ്സലോണയുടെ വിജയം.
രണ്ടാം പകുതിയിലെ ശക്തമായ പ്രകടനമാണ് ലാ ലിഗയിൽ തങ്ങളുടെ ലീഡ് ഉയർത്താൻ ബാഴ്സലോണയെ സഹായിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 54-ാം മിനിറ്റിൽ മാർക് കസാഡോയുടെ കൃത്യമായ പാസിൽ നിന്ന് റോബർട്ട് ലെവൻഡോസ്‌കി സമനില തകർത്തു. രണ്ട് മിനിറ്റിനുള്ളിൽ ലെവൻഡോവ്‌സ്‌കി വീണ്ടും ഗോളടിച്ചു. ബാൾഡെയുടെ ക്രോസ് ഒരു ഹെഡ്ഡറിലൂടെ ഗോളാക്കി മാറ്റി. സ്കോർ 2-0.
77-ാം മിനിറ്റിൽ റാഫിഞ്ഞയുടെ അസിസ്റ്റിൽ നിന്നുള്ള സ്‌ട്രൈക്കിൽ ലമിൻ യമാൽ ബാഴ്‌സലോണയുടെ ലീഡ് ഉയർത്തി. പിന്നീട് 84-ാം മിനിറ്റിൽ റയൽ മാഡ്രിഡിൻ്റെ ഗോൾകീപ്പർ ആൻഡ്രി ലുനിനെ മറികടന്ന് ഗോൾ നേടി റാഫിഞ്ഞ വിജയം പൂർത്തിയാക്കി.
ഈ സമഗ്രമായ വിജയം, ബാഴ്‌സലോണയെ 30 പോയിൻ്റുമായി ടേബിളിൽ ഒന്നാമത് നിർത്തുന്നു. 24 പോയിന്റ് മാത്രമെ റയലിന് ഉള്ളൂ.