കൊറോണ വൈറസ് ബാധയെ തുടർന്ന് മത്സരത്തിൽ സബ്സ്റ്റിട്യൂഷൻ എണ്ണം കൂടിയത് ബാഴ്‌സലോണക്ക് തിരിച്ചടിയാവുമെന്ന് ബാഴ്‌സലോണ പരിശീലകൻ ക്യുഖ് സെറ്റിയൻ. നിലവിൽ മികച്ച ഫിറ്റ്നസ് ഉള്ള ബാഴ്‌സലോണ താരങ്ങളുടെ മുൻതൂക്കം ഇതോടെ നഷ്ടമാവുമെന്നും ബാഴ്‌സലോണ പരിശീലകൻ പറഞ്ഞു.
സബ്സ്റ്റിട്യൂഷൻ നിയമത്തിലുള്ള മാറ്റം ബാഴ്‌സലോണക്ക് ഗുണത്തേക്കാൾ ഏറെ ദോഷമാണ് ചെയ്യുകയെന്ന് പരിശീലകൻ പറഞ്ഞു. പല മത്സരങ്ങളും അവസാന മിനുറ്റുകളിലാണ് നിശ്ചയിക്കപ്പെടുന്നതെന്നും ഈ അവസരങ്ങളിൽ എതിർ ടീമിന്റെ ക്ഷീണം മുതലെടുക്കാൻ ബാഴ്‌സലോണ ശ്രമിക്കാറുണ്ടെന്നും ബാഴ്‌സലോണ പരിശീലകൻ പറഞ്ഞു. എന്നാൽ കൂടുതൽ സബ്സ്റ്റിട്യൂഷൻ അനുവദിച്ചതോടെ അവസാന മിനിറ്റുകളിൽ പുതിയ താരങ്ങളെ ഇറക്കാൻ എതിർ ടീമുകൾക്ക് കഴിയുമെന്നും സെറ്റിയൻ പറഞ്ഞു.
കൊറോണ വൈറസ് ബാധ പടർന്നതിനെ തുടർന്ന് നിർത്തിവെച്ച ഫുട്ബോൾ മത്സരങ്ങൾ പുനരാരംഭിക്കുമ്പോൾ ഒരു ടീമിന് 5 സബ്സ്റ്റിട്യൂഷൻ വരെയാവാമെന്ന് ഫിഫ പ്രഖ്യാപിച്ചിരുന്നു. ഈ സീസൺ അവസാനിക്കുന്നത് വരെയാണ് ഒരു മത്സരത്തിൽ ഒരു ടീമിന് 5 സബ്സ്റ്റിട്യൂഷൻ ഫിഫ അനുവദിച്ചിരിക്കുന്നത്. മാർച്ചിൽ നിർത്തിവെച്ച ലാ ലീഗ ജൂൺ 11ന് പുനരാരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.