ലാ ലീഗയിൽ ബാഴ്‌സലോണയ്ക്ക് തകർപ്പൻ ജയം. എട്ടു ഗോളടിച്ചാണ് ലയണൽ മെസിയും സംഘവും വിജയം ഗംഭീരമാക്കിയത്. രണ്ടിനെതിരെ എട്ടു ഗോളുകൾക്കാണ് ബാഴ്‌സലോണ വെസ്‌ക എഫ്‌സിയെ പരാജയപ്പെടുത്തിയത്. ലയണൽ മെസിയും ലൂയിസ് സുവാരസും ഇരട്ട ഗോളുകൾ നേടിയപ്പോൾ റാക്കിറ്റിച്ച്, ജോർഡി അൽബ, ടെമ്പേലെ, എന്നിവരും ഓരോ ഗോൾ വീതമടിച്ചു. വെസ്‌കയ്ക്ക് വേണ്ടി ഹെർണാണ്ടസും, അൽലക്സാൺഡ്രോ ഗലാർ ഫാൽഗുവേരയുമാണ് ഗോളടിച്ചത്. ഹോർഹെ പുല്ലിദോയുടെ സെൽഫ് ഗോളും വെസ്‌കയ്ക്ക് എതിരായി.
ലാ ലീഗയിൽ ആദ്യത്തെ ക്യാമ്പ് നൗ മത്സരത്തിൽ പ്രമോഷൻ നേടി ലീഗയിൽ എത്തിയ വെസ്‌കയ്ക്ക് സ്വപ്ന തുല്യമായ തുടക്കമാണ് ലഭിച്ചത്. മൂന്നു മിനുട്ടിനുള്ളിൽ ബാഴ്‌സയുടെ പ്രതിരോധം ഭേദിച്ച് ഹെർണാണ്ടസ് ഗോളടിച്ചു. മെസിയും സുവാരസുമടങ്ങുന്ന ലോകോത്തര നിരയ്‌ക്കെതിരെ ഫുട്ബോൾ ലോകത്തെയാകെ ഞെട്ടിക്കാൻ വെസ്‌കയ്ക്ക് സാധിച്ചു.
തുടക്കത്തിൽ തന്നെയേറ്റ ഗോളിൽ നിന്നും മോചിതരായ ബാഴ്‌സ ലയണൽ മെസിയുടെ ഗോളിലൂടെ പതിമൂന്നു മിനുട്ടിനു ശേഷം സമനില നേടി. ഹോർഹെ പുല്ലിദോയുടെ സെൽഫ് ഗോളിനു പിന്നാലെ സുവാരസിന്റെ ഗോൾ ബാഴ്‌സയുടെ കരുത്ത് ഊട്ടിയുറപ്പിച്ചു. അൽലക്സാൺഡ്രോ ഗലാർ ഫാൽഗുവേരയുടെ ആദ്യ പകുതിക്ക് മുൻപേയുള്ള ഗോൾ വെസ്‌കയ്ക്ക് ആവേശമായി. രണ്ടാം പകുതിയിലാണ് റാക്കിറ്റിച്ച്, ആൽബ, ടെമ്പേലെ എന്നിവരുടെ ഗോളുകൾ പിറക്കുന്നത്. മൂന്നിൽ മൂന്നു മത്സരവും ജയിച്ച് ലാ ലീഗയിൽ പോയന്റ് നിലയിൽ ഒന്നാമതാണ് കാറ്റാലന്മാർ