ലാ ലീഗയിൽ മികച്ച കുതിപ്പ് നടത്തുന്നതിനിടയിലും ചാമ്പ്യൻസ് ലീഗിൽ ഇന്ററിനോടേറ്റ തോൽവി മറക്കാനും തിരിച്ച് കരുത്താർജിക്കാനും ബാഴ്‌സലോണ വീണ്ടും കളത്തിൽ ഇറങ്ങുന്നു. ലീഗിൽ ഈ വാരം സെൽറ്റ വീഗോ ആണ് എതിരാളികൾ. പരിക്ക് തന്നെയാണ് ടീമിനെ അലട്ടുന്ന പ്രശ്നം. പ്രതിരോധത്തിലെ പ്രമുഖർ എല്ലാം പരിക്കിന്റെ പിടിയിൽ ആയതോടെ സീനിയർ താരം ജെറാർഡ് പിക്വേ ഫോമാവേണ്ടത് ടീമിന് അത്യാവശ്യമായി തീർന്നിരിക്കുകയാണ്. അതേ സമയം ഡിയോങ്ങിനെ സെൻട്രൽ ബാക്ക് സ്ഥാനത്ത് ഉപയോഗിക്കുന്നതിനെ കുറിച്ച് മത്സരത്തിന് മുൻപായുള്ള വാർത്താസമ്മേളനത്തിൽ സാവി കൃത്യമായൊന്നും പറഞ്ഞില്ല. ബി ടീമിൽ നിന്നും പ്രതിരോധ താരം ഛാദി റിയാദിനെ മത്സരത്തിനുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അടുത്ത വാരം വീണ്ടും ഇന്ററിനെ നേരിടണമെങ്കിലും പ്രമുഖ താരങ്ങൾക്ക് ഒന്നും സാവി വിശ്രമം അനുവദിച്ചേക്കില്ല. ഫാറ്റി വീണ്ടും താളം കണ്ടെത്തി തുടങ്ങിയത് ടീമിന് ആശ്വാസമാണ്. ഇന്റർനാഷണൽ ബ്രെക്ക് കഴിഞ്ഞു പതിവ് ഫോമിലേക്ക് എത്താത്ത ഡെമ്പലേയും റാഫിഞ്ഞയും വീണ്ടും തിളങ്ങുന്നതാണ് ടീം ഉറ്റു നോക്കുന്നത്. പതിവ് പോലെ ലെവെന്റോവ്സ്കി, ബാൾടേ, പെഡ്രി, എറിക് ഗർഷ്യ തുടങ്ങിയവരെല്ലാം അണിനിരക്കും.
എന്നും ബാഴ്‌സക്ക് തലവേദന സൃഷ്ടിക്കാറുള്ള ടീമാണ് സെൽറ്റ. ഇയാഗോ ആസ്പസും, ഹാവി ഗലനും അടക്കം പ്രമുഖർ ടീമിന് വേണ്ടി അണിനിരക്കും. കഴിഞ്ഞ മത്സരത്തിൽ കരുത്തരായ ബെറ്റിസിനെ അട്ടിമറിക്കാൻ അവർക്കായി. പോയിന്റ് പട്ടികയിൽ പതിനൊന്നാം സ്ഥാനത്താണ് അവർ. ഇന്ത്യൻ സമയം തികളാഴ്ച്ച പുലർച്ചെ പന്ത്രണ്ട് മുപ്പതിനാണ് മത്സരം.