പ്രതിരോധത്തിലെ പിഴവുകൾ പരിഹരിക്കാൻ കൊളംബിയൻ താരത്തെ ടീമിലെത്തിച്ച് ബാഴ്‌സലോണ. വലൻസിയയുടെ കൊളംബിയൻ താരമായ ജയ്‌സൺ മുരിജോയെയാണ് ബാഴ്‌സലോണ ലോണിൽ ടീമിലെത്തിച്ചത്. ബാഴ്‌സയുടെ ജനുവരി ട്രാൻസ്ഫർ ജാലകത്തിലെ ആദ്യ സൈനിങാണ് ജയ്‌സൺ. ഈ സീസണിന്റെ അവസാനം വരെയാണ് കരാർ. 28 മില്യൺ യൂറോയുടെ ബൈ ഔട്ട് ക്ളോസും ഉൾപ്പെടുത്തിയിട്ടുണ്ട് കരാറിൽ.
താരത്തെ ബാഴ്‌സ ക്യാമ്പ് നൗവിൽ അവതരിപ്പിക്കുകയും ചെയ്തു. ഉദിനെസിന് വേണ്ടി കളിക്കാനാണ് ജയ്‌സൺ കൊളംബിയ വിട്ട് ഇറ്റലിയിൽ എത്തിയത്. സ്പാനിഷ് ലീഗിൽ ഗ്രാനഡയ്ക്കും ഇറ്റലിയിൽ ഇന്റർ മിലാനും വേണ്ടി കളിച്ച താരം 12 മില്യണിനാണ് വലൻസിയയിൽ എത്തിയത്. കൊളംബിയക്ക് വേണ്ടി 27 തവണ ബൂട്ട്ടണിഞ്ഞ താരം റഷ്യൻ ലോകകപ്പിനായുള്ള ടീമിൽ തിരിഞ്ഞെടുക്കപ്പെട്ടിരുന്നില്ല.