ലാ ലീഗയിൽ സമനില കുരുക്കിൽ ബാഴ്സലോണ. ഐബറാണ് ബാഴ്സലോണയെ സമനിലയിൽ കുരുക്കിയത്. കികെ ഗാർസിയ ഐബറിന് വേണ്ടി ഗോളടിച്ചപ്പോൾ ബാഴ്സലോണക്ക് ആശ്വാസമായത് ഒസ്മാൻ ഡെംബെലെയുടെ ഗോളായിരുന്നു. പെനാൽറ്റിയിലൂടെ ബാഴ്സലോണക്ക് ലഭിച്ച സുവർണ്ണാവസരം മാർട്ടിൻ ബ്രെത്വൈറ്റ് നഷ്ടമാക്കുകയും ചെയ്തു. സൂപ്പർ താരം ലയണൽ മെസ്സി ഇല്ലാതെ കഷ്ടപ്പെടുന്ന കോമാനെയും സംഘത്തെയുമാണ് ഇന്ന് സ്പാനിഷ് ഫുട്ബോൾ കണ്ടത്.
57ആം മിനുട്ടിൽ റൊണാൾഡ് അരഹോയുടെ പിഴവ് മുതലെടുത്താണ് ഐബർ കികെ ഗാർസിയയിലൂടെ ഗോളടിച്ചത്. വാറിന്റെ ഇപെടലിലൂടെ പെനാൽറ്റി ലഭിച്ചത് പോലെ തന്നെ ജൂനിയർ ഫിർപോയുടെ ക്രോസിൽ പിറന്ന ബ്രത്വൈറ്റ് ഗോൾ ഓഫ് സൈടാണെന്നും കണ്ടെത്തി. പകരക്കാരനായി ഇറങ്ങിയ ഡെംബെലെയിലൂടെ സമനില പിടിച്ചെങ്കിലും ജയത്തിനായി ശ്രമം നടത്താൻ ബാഴ്സ താരങ്ങൾക്ക് സാധിച്ചില്ല. ബാഴ്സലോണയിൽ വന്ന് പോയന്റ് നേടാൻ ഐബറിന് സാധിച്ചു. ലാ ലീഗയിൽ 15 മത്സരങ്ങളിൽ 25 പോയന്റുമായി 6ആം സ്ഥാനത്താണിപ്പോൾ ബാഴ്സലോണ. പോയന്റ് നിലയിൽ ഒന്നാമതുള്ള അത്ലെറ്റിക്കൊ മാഡ്രിഡ് 13 മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ.